പച്ചമണ്ണിൽ ചവിട്ടി നിൽക്കുന്ന മനുഷ്യരാണ് കെ.എസ്. രതീഷിൻ്റെ കഥാലോകത്തെ സമ്പന്നമാക്കുന്നത്. ഗ്രാമീണരും സാധാരണക്കാരുമായ മനുഷ്യരുടെ മദമാത്സര്യങ്ങളും ക്ഷോഭങ്ങളും നന്മകളും ആണ് ‘മാളം’ എന്ന കഥാസമാഹാരത്തിലുള്ളത്. നിറം, ഇനിപ്പ് തുടങ്ങിയ കഥകൾ ഗ്രാമീണരായ മനുഷ്യരുടെ നിഷ്‌ക്കളങ്കതയെയും നന്മയെയും ആവിഷ്കരിക്കുന്നു. ‘ഇനിപ്പ്’ലെ ആഖ്യാതാവിൻ്റെ അമ്മ തങ്ങളുടെ ഗൃഹത്തിൽ യാദൃശ്ചികമായി എത്തുന്ന യുവതിയുവാക്കളെ സ്നേഹത്തോടെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. മധുരത്തിന് ‘ഇനിപ്പ്’ എന്ന പ്രാദേശികപദം ഉപയോഗിക്കുന്ന ഗ്രാമീണയായ സ്ത്രീ ആണ് അവർ. പുതുതലമുറയുടെ പ്രതിനിധികളായ ആ രണ്ടു ചെറുപ്പക്കാർക്ക് പക്ഷെ ആ അമ്മയുടെ സ്നേഹത്തിന്റെ ഇനിപ്പ് തിരിച്ചറിയുവാൻ കഴിയുന്നില്ല.

“പഞ്ചാര ഇത്തിരി തോനെ ഇട്ടോടാ, ഇനിപ്പ് കൂടട്ടെ” എന്ന് അവർ ആഖ്യാതാവിനെ പരിഹസിക്കുന്നുണ്ട്. ഗ്രാമീണതയുടെ നിഷ്ക്കളങ്കതയെയും നന്മയെയുമാണ് അവർ പരിഹസിക്കുന്നത്. ഗ്രാമീണതയുടെ ഇനിപ്പും നഗരത്തിൻ്റെ മധുരവും തമ്മിലുള്ള അന്തരം ഒടുവിൽ ആഖ്യാതാവിന് ബോധ്യപ്പെടുന്നു. തങ്ങളെ ആവശ്യമില്ലാത്തിടത്ത് സ്നേഹത്തിൻ്റെ ഇനിപ്പുമായി ചെല്ലുന്നതിലെ നിരർത്ഥകതയെ പറ്റിയാണ് അയാൾക്ക് ബോധ്യമാവുന്നത്. കഥയെഴുത്തിലെ സാന്ദ്രതയാണ് ഈ സമാഹാരത്തിലെ കഥകളെ വ്യത്യസ്‌തമാക്കുന്നത്. ഗ്രാമീണരുടെ ജീവിതത്തെ പ്രാദേശിക പദാവലികളോടെ ആവിഷ്കരിക്കുമ്പോൾ പൊതുവെ പ്രതീക്ഷിയ്ക്കാവുന്ന അതിവാചലത അല്ല ‘ഇനിപ്പ്’ ഉൾപ്പെടെയുള്ള കഥകൾക്കുള്ളത്. മൗനം കൊണ്ട് പൂരിപ്പിക്കാവുന്ന നിശബ്ദതയുടെ ഇടങ്ങൾ ഈ കഥകളിൽ ബാക്കിയാവുന്നു. നിശബ്ദദതയിൽ നിന്നും ഉയരുന്ന ധ്വനിസാന്ദ്രമായ മുഴക്കം
ഈ കഥകളിൽ പ്രതിധ്വനിക്കുന്നു. കഥയെഴുത്തിന്റെ ക്രാഫ്റ്റും കൈയ്യൊതുക്കവും കൈവശം വന്ന ഇരുത്തമുള്ള കഥാകാരനെയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. കഥാപാത്രങ്ങളുടെ മാനസികതലത്തെ ചൂഴ്ന്ന‌് നിൽക്കുന്ന സങ്കീർണമായ അവസ്ഥകൾ ഈ കഥകളിലുണ്ട്. കേരളീയ കുടുംബഘടനയ്ക്ക് ഉള്ളിൽ നിന്നുകൊണ്ടുള്ള ആഖ്യാനങ്ങളാണ് ‘ഇനിപ്പ്’, ‘നിറം’ എന്നിവ. നിറം എന്ന തലക്കെട്ടുപോലെ അത്ര നിറമുള്ളതല്ല കഥയിലെ കഥാപാത്രങ്ങളുടെ ജീവിതപരിസരം. സ്കൂളിൽ പഠിയ്ക്കുന്ന കാലം മുതൽക്കേ നിറത്തിൻ്റെ പേരിൽ വിവേചനം നേരിട്ടിട്ടുള്ളവർ ആണ് കഥയിലെ മണ്ടേല ബിനുവും കരിമൻ ഷിബുവും കാംബ്ലി വിനോദും. ഈ ഒരു വിവേചനം അവർക്ക് നേരിടേണ്ടി വന്നത് തങ്ങളുടെ അധ്യാപകനിൽ നിന്ന് തന്നെയാവുമ്പോൾ അതിന്റെ ആഴം വലുതാവുന്നു. ജീവിതത്തിൽ ഉടനീളം കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധത്തിന്റെ സംഘർഷങ്ങൾ അവർ പേറുന്നു. കേരളത്തിൻ്റെ സാമൂഹികഘടനയിൽ രൂഢമൂലമായ ജാതിയുടെ സങ്കീർണതകളെ തന്നെയാണ് നിറത്തിലൂടെ കഥാക്യത്ത് പ്രശ്നവത്‌കരിക്കുന്നത്. കറുത്തവരും കീഴാളരുമായവരെ സാമൂഹികവിരുദ്ധരും കള്ളൻമാരുമായി മുദ്ര കുത്തുന്ന അപകടകരമായ
പ്രവണത ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. ഈ വ്യവസ്ഥിതിയ്ക്ക് എതിരേ കൂടിയാണ് കഥയിലെ ചെറുപ്പക്കാർ കലഹിക്കുന്നത്. മണ്ടേല ബിനു, കാംബ്ലി വിനോദ് തുടങ്ങിയ പേരുകൾ ഏറെ ശ്രദ്ധേയമാണ്. നിറത്തിൻ്റെ പേരിലുള്ള വിവേചനങ്ങൾക്ക് ദേശഭേദങ്ങളില്ല എന്ന് ഈ പേരുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രത്തിന്റെയും ലോകത്തിൻ്റെയും ശ്രദ്ധയാകർഷിച്ചവരും രണ്ട് വ്യത്യസ്‌ത മേഖലകളെയും സംസ്‌കാരത്തെയും പ്രതിനിധാനം ചെയ്യുന്നവരുമായ രണ്ട് വ്യക്തികളുടെ പേരുകളെ കേരളത്തിൻ്റെ പ്രാദേശികതയുടെ സ്വത്വത്തിലേക്ക് അപനിർമ്മിച്ചിരിക്കുന്നു. “അല്ലെങ്കിലും കറുത്ത ഞങ്ങളിലാണല്ലോ കള്ളലക്ഷണവും എല്ലാവനും കളവുമുതല് തിരയാനുള്ള ഇടവും” എന്ന കാംബ്ലി വിനോദിൻ്റെ പ്രസ്‌താവന സമകാലികമായി പ്രസക്തിയുള്ളതും സാമൂഹികവിമർശനപരവുമാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ബാല്യങ്ങളുടെയും കൗമാരത്തിന്റെയും ഇഷ്ട്‌ടകായികവിനോദമായ ക്രിക്കറ്റിനെ ഒരു രൂപകമായി കഥാകൃത്ത് കഥയിൽ വിന്യസിച്ചിരിക്കുന്നു. ക്രിക്കറ്റ് എന്ന ലോക പ്രശസ്‌തമായ കായികവിനോദം പ്രാദേശികതയുടെ അതിർവരമ്പുകളെ അതിലംഘിക്കുന്നതാണ്. കേരളത്തിലെ ചെറുപ്പക്കാർ ഏറ്റെടുത്ത ഈ വിനോദം ഇവിടുത്തെ സാമൂഹികവൽക്കരണ പ്രക്രിയയുടെ ഭാഗമായ നവആധുനികതയുടെ അടയാളമാണ്. നിറം, വംശം, ജാതി, കുടുംബഘടന എന്നിവയ്ക്ക് ഉള്ളിലെ എല്ലാ അതിരുകളെയും മറികടക്കുവാനുള്ള ത്വര കൂടിയാണ് ദേശാന്തരങ്ങൾക്ക് അപ്പുറം ഖ്യാതിയുള്ള ക്രിക്കറ്റിനെ ഏറ്റെടുക്കുന്നതിലൂടെ യുവാക്കൾ പ്രകടിപ്പിക്കുന്നത്.
“കല്ലെടുത്ത് മുകളിലെ നിലയിലെ കണ്ണാടിയിലേക്ക് ഒരു ബൗൺസർ. കാംബ്ലി ചെടിച്ചട്ടികളെ മടലുബാറ്റിന് ബൗണ്ടറി കടത്തുന്നു” എൻ.എസ്. മാധവൻ ‘ഹിഗ്വിറ്റ’യിൽ ഫുട്‌ബോളിനെ രൂപകമായി പ്രയോഗിച്ച ആഖ്യാനതന്ത്രത്തെ ഓർമപ്പെടുത്തുന്നുണ്ട് ‘നിറ’ത്തിലെ ക്രിക്കറ്റ്. ഹിഗ്വിറ്റയിൽ നിന്നും നിറത്തിലെ കാലപരിസരത്തിലേക്ക് എത്തുമ്പോൾ യുവാക്കളുടെ അഭിരുചിയിൽ വന്ന മാറ്റം പ്രകടമാവുന്നു. തൻ്റെ പരിചയക്കാരിയായ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുന്ന ക്രിമിനലിൽ നിന്നും അവളെ രക്ഷിച്ചെടുക്കുവാനാണ് ഗീവർഗീസച്ചൻ കാലുപൊക്കി പന്തെടുത്ത് അടിക്കുന്ന ഹിഗ്വിറ്റയായി മാറുന്നതെങ്കിൽ തങ്ങളെ മോഷ്ടാക്കളെന്ന് മുദ്ര കുത്തിയ പപ്പനാഭൻ സാറിനോടുള്ള പ്രതിഷേധം നുരഞ്ഞുപൊന്തുന്ന വേളയിൽ ആണ് കാംബ്ലി വിനോദ് കണ്ണാടിയിലേക്ക് ബൗൺസർ ചെയ്യുകയും ചെടിച്ചട്ടികളെ മടലുബാറ്റിന് ബൗണ്ടറി കടത്തുകയും ചെയ്യുന്നത്. അമർത്തിവച്ച പ്രതിഷേധം കായിക വിനോദത്തിന്റെ രൂപത്തിൽ പുറത്തേയ്ക്ക് വരുന്നു.
ഇരുട്ട് നിറഞ്ഞ മാളത്തിന് ഉള്ളിൽ ഒളിച്ചിരിക്കുവാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് “മാളം” പറയുന്നത്. “മാന്യതയുടെ മാളത്തിൽ ആരും സുരക്ഷിതരല്ലല്ലോ. പിടിക്കപ്പെടുവോളം എല്ലാവരും നല്ലവരാണ്. ആരാണ് ആദ്യം പിടി കൊടുക്കുക എന്ന മത്സരവും നീറ്റലും മാത്രമേ നമുക്കിടയിൽ ബാക്കിയുള്ളൂ. ഉള്ളിലുള്ളതിനെ ഭയക്കുന്ന വെറും മാളങ്ങളാണ് മനുഷ്യർ ജീവിതത്തെ പറ്റിയുള്ള ഇരുണ്ട ദർശനം പ്രതിഫലിക്കുന്ന കഥയാണ് ‘മാളം” മനുഷ്യമനസ്സിൻ്റെ ഇരുട്ടുനിറഞ്ഞതും നിഗൂഢവുമായ ഉള്ളറകളെ ആവിഷ്‌കരിക്കുന്നു മാളം പരിപൂർണ്ണരും സംശുദ്ധരുമായ മനുഷ്യരെയല്ല ഈ കഥകളിൽ നമുക്ക് കാണുവാൻ കഴിയുന്നത്. മറിച്ച് സമൂഹത്തിൽ നിലനിൽക്കുന്നതായ തിന്മയുടെ പ്രതിനിധികളായ മനുഷ്യർ ഈ
കഥാപരിസരങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഓടിയൊളിക്കുവാൻ ഇടമില്ലാത്തവരുടെ താല്ക്കാലിക അഭയകേന്ദ്രങ്ങളാണ് ഓരോ മാളവും.
ജീവിതത്തെ പറ്റിയുള്ള വിഷാദനിർഭരമായ ദർശനം ആവിഷ്‌കരിക്കുന്ന കഥയാണ് ‘പാലം’. മനുഷ്യനിലെ വ്യക്തിത്വത്തിന്റെ സങ്കീർണ്ണതകളും നിഗൂഢതകളും ഇരുളും വെളിച്ചവും ഈ കഥയിൽ പ്രതിഫലിക്കുന്നു. സ്നേഹബന്ധങ്ങളിൽ അപ്രതീക്ഷിതമായി അപരവത്കരിക്ക പ്പെടുന്ന, അന്യവത്‌കരിക്കപ്പെടുന്ന മനുഷ്യരുടെ വ്യഥകൾ വായനക്കാരിലും ഞെട്ടലുണ്ടാക്കുന്നു. നഗരത്തിനുമേൽ പണിത പാലം മറ്റൊരു സമാന്തരലോകവുമായി ബന്ധമുള്ളതാണ്. ആ പാലത്തിന്റെ അടിത്തട്ടിൽ അഴുക്കുചാലുകളുണ്ട്. സ്നേഹത്തിനുവേണ്ടി യാചിക്കുന്ന കാമത്തിന് വേണ്ടി ഉഴറുന്ന നിർഭാഗ്യരായ മനുഷ്യജന്മങ്ങളുണ്ട്. ഓരോ നഗരങ്ങൾക്കും സമാന്തരമായുള്ള അദൃശ്യലോകത്തിൻ്റെ ആഖ്യാനമാണ് പാലം മാളവും പാലവും ഉൾപ്പെടെയുള്ള അദൃശ്യലോകങ്ങളുടെ അടയാളങ്ങളാണ് ഈ കഥാസമാഹാരത്തെ സമ്പന്നമാക്കുന്നത്. ജീവിതം എന്നത് അത്രയൊന്നും സുന്ദരമല്ലെന്ന് ഈ കഥകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു.
_പാർവതി പി. ചന്ദ്രൻ
