വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട്, അവസാനം ഒൻപത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവിലിതാ ഭൂമിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. പേടകത്തിനുള്ളിൽ ഉണ്ടായിരുന്ന നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. സ്ട്രെച്ചറിലാണ് ഇവരെ മാറ്റിയത്. അതിനുമുന്‍പ് ഒരുനിമിഷം അവരെ നിവര്‍ന്നുനില്‍ക്കാന്‍ അനുവദിച്ചിരുന്നു. സുനിത വില്യംസുള്‍പ്പെടെ എല്ലാവരും ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ബുച്ച് വില്‍മോറുമാണ് സുനിതയോടൊപ്പം പേടകത്തിൽ ഉണ്ടായിരുന്നത്. സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്രയിൽ അവർ പേടകത്തിലെ യാത്രക്കാര്‍ മാത്രമായിരുന്നു. അതി നിയന്ത്രിച്ചിരുന്നത് നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കിയിരിക്കുന്നത്.