ചാലക്കുടി: മുരിങ്ങൂരിലെ ബാർ ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോൾ 64,38,500 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റ്. കൂത്തുപറമ്പ് മാങ്ങാട്ടി ഡാം, വടക്കേകണ്ടി വീട്ടിൽ ഫെയ്‍ത്ത് (28)നെയാണ് അറസ്റ്റു ചെയ്തത്.
ഹോട്ടലിൽ 2023 ഏപ്രിൽ മുതൽ 2024 മേയ് വരെ ജോലി നോക്കുന്നതിനിടയിലാണ് വൻ തുകയുടെ വെട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. ജോലിചെയ്ത കാലയളവിൽ ബാർ, റസ്റ്ററന്റ്, മുറികൾ എന്നിവയിൽനിന്ന് കിട്ടുന്ന വരുമാനത്തിലൊരു ഭാഗമാണ് തട്ടിയെടുത്തത്.
ഹോട്ടലിലെ ഉപഭോക്താക്കളിൽനിന്ന് പണമായും ഹോട്ടൽ അക്കൗണ്ടിലേക്ക് ഓൺലൈനായും തുക അടപ്പിക്കുന്നതിനുപകരം പ്രതിയുടെ സ്വന്തം മൊബൈൽ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യിക്കുകയും പണമായി വാങ്ങുന്ന തുക ഹോട്ടൽ അക്കൗണ്ടിൽ വരവുവെയ്ക്കാതെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.
തട്ടിപ്പ് മനസ്സിലാക്കിയ ഹോട്ടൽ ഉടമ കൊരട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയായതോടെ ഒളിവിൽപോയ ഇയാൾ മണ്ണാർക്കാട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടി എസ്.എച്ച്.ഒ. അമൃത് രംഗൻ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ. നാഗേഷ്, സി.പി.ഒ. മാരായ ഫൈസൽ, ദീപു എന്നിവരും ഉണ്ടായിരുന്നു.



