മാളയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ കെ എസ് യു നേതാക്കൾ പൊലീസ് പിടിയിൽ. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, സുദേവ്, സച്ചിൻ എന്നിവരാണ് പിടിയിലായത്.
ആലുവയിൽ നിന്നാണ് ഇവരെ മാള പോലീസ് പിടികൂടിയത്. പരിക്കേറ്റ് ചികിത്സയിലുള്ള ആശിഷ് കൃഷ്ണ നല്‍കിയ പരാതിയിലാണ് മാള പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ മാള ഹോളിഗ്രേസ് അക്കാദമിയില്‍ സംഘടിപ്പിച്ച ഡി സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ മര്‍ദനമാണ് കെഎസ്‌യു ക്രിമിനലുകളില്‍ നിന്ന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്.
ആക്രമണത്തില്‍ കേരളവര്‍മ കോളേജ് യൂണിറ്റ് സെക്രട്ടറി ആശിഷ്, യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഗോപിക നന്ദന, യുയുസി അഗ്നിവേശ്, ഫിദല്‍ കാസ്ട്രോ, ഉള്‍പ്പെടെ നിരവധി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കും മത്സരാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്.
