ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ദൗത്യം അവസാനഘട്ടത്തില്‍. ജെസിബി ഉപയോഗിച്ച് കിണറിടിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആനയെ ഉടന്‍ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ആന അവശനിലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രദേശത്ത് ഒരുകോടി മുടക്കി ഹാങ്ങിന് ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. ഇന്നലെ മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറ ഉണ്ടായിരുന്നില്ല.