കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്.സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.