പെരുമ്പിലാവ്: സഭാതർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമുണ്ടായിരുന്ന മൂന്ന് കുരിശടികൾ, പള്ളി പാരിഷ്ഹാൾ എന്നിവ കോടതി ഉത്തരവിനെ തുടർന്ന് വൻ പൊലീസ് സംഘം പിടിച്ചെടുത്ത് സീൽ ചെയ്തു. തിങ്കളാഴ്‌ച പുലർച്ചെ എത്തിയ ഉദ്യോഗ സ്ഥ സംഘം യെൽദോ മോർ ബസേലിയോസ് ചാപ്പൽ, അറക്കൽ, മേലെ അങ്ങാടി കുരിശുപള്ളികൾ, പഴയ പള്ളിയോട് ചേർന്നുള്ള പാരിഷ് ഹാ ൾ എന്നിവ സീൽ ചെയ്തത് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.
ഹൈകോടതി ഉത്തരവിനെ തുടർന്ന് പാലക്കാട് ജില്ല കലക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച പുലർച്ചെ സബ് കലക്‌ടർ മിഥുൻ പ്രേമരാജിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും 150ഓളം പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഒരേസമയം നാലിടങ്ങളും പിടിച്ചെടുക്കുകയായിരുന്നു. കുരിശുപള്ളികളും പാരിഷ് ഹാളും സീൽ ചെയ്യുകയും കയറും താക്കോലും ഉപയോഗിച്ച് പൂട്ടിടുകയും ചെയ്തു.
പാരിഷ് ഹാൾ പിടിച്ചെടുക്കാനുള്ള നടപടികൾ നിലവിൽ യാക്കോബായ വിഭാഗം ആരാധന നടത്തുന്ന പള്ളി കോമ്പൗണ്ടിലൂടെ കടന്നാണ് ഉദ്യോഗസ്ഥർ നടത്തിയത്. കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ വൻ പൊലീസ് സംഘം കുരിശടികൾ പിടിച്ചെടുക്കാൻ എത്തിയിരുന്നു. എന്നാൽ, യാക്കോബായ വിശ്വാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പൊലീസ് താൽക്കാലികമായി പിന്മാറുകയായിരുന്നു.
ഓർത്തഡോക്സസ് സഭയുടെ ഒത്താശയോടെയാ ണ് നടപടിയെന്ന് യാക്കോബായ വിഭാഗം കുറ്റ പ്പെടുത്തി. കാതോലിക്ക ബാവയുടെ നാൽപതാം ശ്രാദ്ധ ഓർമദിനത്തിൽ സർക്കാർ ചെയ്ത് നടപടി യാക്കോബായ സഭക്ക് തിരിച്ചടിയായെന്നും ഇവർ ആരോപിച്ചു.
2020 ആഗസ്റ്റ് 20നാണ് മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കി 15ഓ ളം കുടുംബങ്ങളുള്ള ഓർത്തഡോക്സ് വിഭാഗം പള്ളി പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി യാക്കോബായ വിശ്വാസികളെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാതെ ഇരുമ്പ് നെറ്റ് കെട്ടി തടസ്സം സൃഷ്ടിക്കുന്നതും തുടരുകയാണ്.