ചാലക്കുടി : 2017-ൽ ഭരണാനുമതി ലഭിച്ചിട്ടും കലാഭവൻ മണി സ്‌മാരകത്തിന്റെ നിർമാണപ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല. നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചതായും തറക്കല്ലിടൽ ഒക്ടോബർ മാസത്തിൽ നടക്കുമെന്നും ഏതാനും മാസംമുൻപ് പ്രഖ്യാപിച്ചതാണ്. സ്മാരകത്തിന് സർക്കാർ 2021-22 ബജറ്റിലാണ് മൂന്നുകോടി രൂപ വകയിരുത്തിയത്.
സാസ്കാരികവകുപ്പിൻ്റെ കിഴിലുള്ള ഫോക്ലോർ അക്കാദമിയുടെ മേൽനോട്ടത്തിൽ നാടൻകലകളുടെ പഠനകേന്ദ്രം ഉൾക്കൊളിച്ചുള്ള സ്മാരകം നിർമിക്കാനായിരുന്നു പദ്ധതി. കലാഭവൻ മണിയുടെ നാടൻപാട്ടുകളുടെയും ചലച്ചിത്രങ്ങളുടെയും ശേഖരം, അവയുടെ അവതരണത്തിനുള്ള തിയേറ്റർ, ഗാലറി എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പദ്ധതി.
ദേശീയപാതയ്ക്കരികിൽ ചാലക്കുടി സർക്കാർ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ ഭാഗമായിരുന്ന 20 സെന്റ് ഭൂമി കലാഭവൻ മണി സ്മാരകനിർമാണത്തിന് അനുവദിച്ചിട്ട് ഏറെ വർഷങ്ങളായി. സാംസ്‌കാരികമന്ത്രി സജി ചെറിയാനുൾപ്പെടെയുള്ളവർ എത്തി സ്ഥലപരിശോധന നടത്തിയിരുന്നു. അധികമായി 15 സെന്റ് ഭൂമികൂടി വേണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തു.
നഗരസഭ സ്ഥലം നൽകുന്നതിനുള്ള രേഖകൾ തയ്യാറാക്കി സർക്കാരിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള മറ്റു നപടികളായിട്ടില്ല. ചാലക്കുടി ചേനത്തുനാട് കലാഭവൻ മണിയുടെ വീടിനോടുചേർന്നുള്ള സ്മൃതികുടീരം, മണിയുടെ പാഡി എന്നിവയ്ക്കു പുറമേ മണിയുടെ ഓർമകൾ നിലനിർത്താൻ വിഭാവനം ചെയ്ത്‌ത സ്‌മാരകത്തിന്റെ നിർമാണമാണ് അനിശ്ചിതമായി നീളുന്നത്.