പരാതിയുമായി എത്തിയ യുവതിയെ തൃശൂർ എസിപി അപമാനിച്ചതായി പരാതി. പരാതി കേൾക്കാതെ അപമാനിച്ചുവെന്നും പിന്നാലെ വക്കീൽ നോട്ടീസ് അയച്ചതോടെ കേസെടുത്ത് പൊലീസ് തടി തപ്പിയെന്നുമാണ് അയ്യന്തോൾ സ്വദേശിനി അനീഷ് മോഹന്റെ ആരോപണം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പേരാമംഗലം സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി സനീഷ് പരാതി നൽകി.
തൃശൂർ കുടുംബകോടതിയിൽ സനീഷമോഹനും സർക്കാർ ജീവനക്കാരനായ ഭർത്താവ് അരുൺ പി പി യും തമ്മിൽ നിലനിന്നിരുന്ന കേസിന്റെ ഭാഗമായാണ് അരുണിന്റെ ഭൂമി ജപ്തി ചെയ്തത്. എന്നാൽ ഈ ജപ്തി വിവരം മറച്ചുവെച്ച് ചൂരക്കാട്ടുകര, ചെമ്മങ്ങാട്ടു വളപ്പിൽ വീട്ടിൽ ഗീതയ്ക്ക് വസ്തു വിൽക്കുകയായിരുന്നു. വിഷയത്തിൽ അരുൺ പി പി, രജിസ്റ്റാർ എം എ ജേക്കബ്, ഗീത എന്നിവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടാണ് സനീഷ പോലീസിനെ സമീപിച്ചത്. എന്നാൽ കേസെടുക്കാതെ പരാതി ഒതുക്കി തീർക്കാനായിരുന്നു പേരാമംഗലം എസ് എച്ച് ഓയുടെ ശ്രമം. ഇതോടെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറെ പരാതിയുമായി സമീപിച്ചു.
പരാതി എസിപിക്ക് ഫോർവേഡ് ചെയ്തു. തുടർന്ന് എസിപി ഓഫീസിലേക്ക് വിളിച്ചുവരുത്തിയശേഷം അപമാനിച്ചു എന്നാണ് യുവതിയുടെ പരാതി. തുടർന്ന് വിഷയത്തിൽ വക്കീൽ നോട്ടീസ് അയച്ചതോടെ കേസെടുത്ത പൊലീസ് തടി തപ്പുകയായിരുന്നു. എന്നാൽ ഐപിസി പ്രകാരം എടുക്കേണ്ടിയിരുന്ന കേസ് ബിഎൻഎസ് പ്രകാരം ചുരുങ്ങിയ വകുപ്പുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുവെന്നാണ് പരാതി. ഇതോടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പേരാമംഗലം എസ്എച്ച്ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി ഔദ്യോഗികമായി തന്നെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയ്ക്ക് പരാതി നൽകി.