തൃശൂർ :നാട്ടികയിൽ അഞ്ചുപേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരന്തബാധിതരുടെ കുടുംബത്തെ സർക്കാർ ചേർത്തുനിർത്തി. മന്ത്രി എം ബി രാജേഷ് തൃശൂരിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മന്ത്രിയെത്തിയത്. ആവശ്യമായ നിർദേശങ്ങളും നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്‌ധ ചികിത്സ ഉറപ്പാക്കി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
സർക്കാർ ചെലവിൽ മൃതദേഹങ്ങൾ അഞ്ച് ആംബുലൻസുകളിൽ പാലക്കാട് വീടുകളിൽ എത്തിച്ചു. പാലക്കാട്ടുനിന്നുൾപ്പെടെ ആശുപത്രിയിൽ എത്തിയ ബന്ധുക്കളെ കൊണ്ടുപോകാനും തിരിച്ചുപോരാനും പ്രത്യേകം കെഎസ്‌ആർടിസി ബസ് സർക്കാർ ഏർപ്പാടാക്കി. സംസ്‌കാരച്ചെലവും സർക്കാർ വഹിച്ചു. പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി, മൃതദേഹങ്ങൾ കൊണ്ടുപോയശേഷമാണ് കലക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിയിൽനിന്ന് മടങ്ങിയത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി കെ രാജു, വലപ്പാട് ഇൻസ്‌പെക്ടർ എം കെ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്‌റ്റ്, പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. സി സി മുകുന്ദൻ എംഎൽഎ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ, വി എസ് സുനിൽകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കലക്ടർ പറഞ്ഞു. ഇതിനായി മോട്ടോർ വാഹനവകുപ്പ്, പൊലീസ് വകുപ്പുകളോട് വിശദറിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.