വയനാട്: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്‌ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വയറുവേദനയും ഛര്‍ദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരില്‍ ഒരാളുടെ അമ്മയായ നൂര്‍ജഹാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നൽകിയ സംഭവം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇൌ സംഭവം. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്.