പണ്ട് മാതൃഭൂമിയുടെ ബാലപംക്തിയിൽ കെ. കെ.ഹിരണ്യന്റെ കവിതകൾ സ്ഥിരം പ്രത്യക്ഷപ്പെടുമായിരുന്നു. എന്റെ കഥകൾക്ക് അന്ന് കുട്ടേട്ടൻ അയിത്തം കൽപ്പിച്ചിരുന്നു. ദേഷ്യത്തിൽ ഞാൻ കുട്ടേട്ടന് ഒരു കത്തെഴുതി : ” ഹിരണ്യനും അക്ബർ കക്കട്ടിലും ഒക്കെയാണ് കുട്ടേട്ടന്റെ പ്രിയപ്പെട്ടവർ. അവർ എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്നുണ്ട്. ” എന്നൊക്കെ പരിഭവം പറഞ്ഞ് എഴുതിയ ആ കത്ത് കുട്ടേട്ടൻ പ്രസിദ്ധീകരിച്ചു. എനിക്ക് വല്ലാത്ത നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു അത്. അക്ബർ മരിക്കുന്നതുവരെ പൊതുവേദികളിൽ പോലും അത് പറഞ്ഞ് കളിയാക്കുമായിരുന്നു.
ഹിരണ്യൻ പിന്നീട് ഗീതാ പോറ്റിയുടെ ഭർത്താവായെന്ന് അറിഞ്ഞു. ഗീത ഗീതാ ഹിരണ്യനായി.
എം ടി വാസുദേവൻ നായരെ അനുമോദിക്കാനുള്ള മീറ്റിങ്ങിലേക്ക് ക്ഷണിച്ച് എന്നെ വിളിക്കുമ്പോഴാണ് ഹിരണ്യനുമായി ആദ്യം സംസാരിക്കുന്നത്. ഗീതയെ അതിനുമുമ്പ് തന്നെ കണ്ടിരുന്നു. ഗീത എന്നെ വിളിച്ച് പറഞ്ഞു– ” റെയിൽവേ സ്റ്റേഷനിൽ ഹിരണ്യൻ വരും. ചന്ദ്രിക കണ്ടിട്ടില്ലല്ലോ. ബുക്ക് സ്റ്റാളിന്റെ മുന്നിൽ നീല വേഷമിട്ട് ഒരാൾ നിൽക്കും. അയാളുടെ അടുത്ത് ചെന്ന് രാക്ഷസനാണോ എന്ന് ചോദിക്കണം. അതാണ് ഹിരണ്യൻ. “
” തൃശ്ശരിൽ കൊണ്ടുവന്ന് എന്നെ തല്ലുകൊള്ളിക്കാനാണോ പ്ലാൻ? ” എന്ന് ഞാൻ തിരിച്ചു ചോദിക്കുകയും ചെയ്തു. ഏതായാലും ആ ചോദ്യത്തിന്റെ ആവശ്യം വേണ്ടി വന്നില്ല.
നേരേ പോയത് അവരുടെ വീട്ടിലേക്ക്. ഗീതയും ഉമക്കുട്ടിയും ഉണ്ടായിരുന്നു. ” രാക്ഷസനെ തെറ്റിപ്പോയില്ല അല്ലേ? എന്ന് ചോദിച്ച ഗീതയോട് ” ഇത് രാക്ഷസൻ അല്ലല്ലോ, ഗീതയുടെ പ്രേമദേവൻ അല്ലേ? ” എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഹിരണ്യന്റെ നാണം കലർന്ന ചിരി ഞാൻ ഇപ്പോഴും ഓർക്കുന്നു.” കവിതകൾ കുറയുന്നല്ലോ ” എന്ന എന്റെ നിരീക്ഷണത്തിന് ” അത് ആ കവിതയെത്തന്നെ കല്യാണം കഴിച്ചതുകൊണ്ടാണ് ” എന്ന് മറുപടി പറഞ്ഞത് ഗീത!
രാമനിലയത്തിലെ എന്റെ മുറിയിലേക്ക് രാത്രിയാണ് ഞാൻ പോയത്. പിന്നീട് എപ്പോൾ തൃശ്ശൂരിൽ ചെന്നാലും ആ വീട് എനിക്ക് സ്നേഹാലയമായി.
പിന്നീട് കാണുന്നത് മകനെ പ്രസവിക്കാനായി ഗീത തിരുവനന്തപുരത്ത് വന്നപ്പോഴായിരുന്നു. ഏറെ കരുതലുള്ള ഭർത്താവായിരുന്നു ഹിരണ്യൻ . മിക്കവാറും എല്ലാ ദിവസവും ബാലേട്ടനും ഞാനും പോയി കാണുമായിരുന്നു. എന്റെ വീട്ടിലും അവർ വന്നു. പ്രിയയും ജിത്തുവും അതിവേഗം അവരുടെ സ്നേഹിതരായി.
ക്യാൻസറിന്റെ രണ്ടാം വരവിൽ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയ ഗീതയോടൊപ്പം ഞാൻ കണ്ട ഹിരണ്യൻ ആകെ തകർന്നവനായിരുന്നു.
ഏറ്റവും ഒടുവിൽ അക്കാദമിയിൽ വച്ച് ഹിരണ്യനെ കാണുമ്പോൾ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. പരസ്പരബന്ധമില്ലാതെ ഹിരണ്യൻ എന്തൊക്കെയോ സംസാരിച്ചു. അപ്പോൾ ഗീത ഇല്ലായിരുന്നു. ഗീതയുടെ പ്രണയമായിരുന്നു ഹിരണ്യന്റെ കരുത്ത്. ആ കരുത്ത് ചോർന്നു പോയപ്പോൾ ഹിരണ്യൻ തന്നെ ഇല്ലാതായി.
പ്രിയപ്പെട്ട ആ ആത്മാവിന് നിത്യശാന്തി നേരുന്നു.