മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരനായ എം ടി വാസുദേവൻ നായർ 91-ാം ജന്മദിനത്തിന്റെ നിറവിലാണ്. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്. എം ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.
പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം എം ടി വാസുദേവൻ നായരും കുടുംബവും ഇരിക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് എം ടി വാസുദേവൻ നായർ കുടുംബസമേതം സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഈ രണ്ടുചിത്രങ്ങളും പകർത്തിയത്.
എം ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ഇരുവരുടേയും മകൾ എന്നിവരെ കാണാം. ആസാദ് സംവിധാനം ചെയ്ത് എം ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആയിരുന്നു മമ്മൂട്ടി എം ടി കൂട്ടുകെട്ടിലെ ആദ്യചിത്രം. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ നിരവധി സംഭാവനകളാണ് മലയാള സിനിമയിക് ഇരുവരും ചേർന്ന് നൽകിയത്. ഇതിൽ വടക്കൻ വീരഗാഥയിലൂടെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എം.ടിയും മമ്മൂട്ടിയും നേടിയിരുന്നു.