Wednesday, December 4, 2024
HomeLITERATUREവിഷാദം പൂക്കുന്ന വാക്കുകൾ നമ്മെ തേടിയെത്തുമ്പോൾ…
spot_img

വിഷാദം പൂക്കുന്ന വാക്കുകൾ നമ്മെ തേടിയെത്തുമ്പോൾ…

”All the thingട have life of their own ,its only a matter of waking them up”…

സതീശ് ഓവ്വാട്ട്


ഗാബ്രിയേലാ ഗാർസിയാ മാർക്കേസ് അന്തരിച്ചപ്പോൾ എഴുതിയ അനുസ്മരണ കുറിപ്പിൽ ഇ. സന്തോഷ് കുമാർ മാർക്കേസിൻ്റെ ഈ വാക്കുകൾ കുറിച്ചിരുന്നു…
(“ഓരോ വസ്തുക്കളിലും അവയുടെ ജീവിതവും ചൈതന്യവുമുണ്ട്. അവയെ ഒന്നു തൊട്ടുണർത്തുകയേ വേണ്ടൂ..” )
ജീവിതത്തെക്കുറിച്ച് ഇത്രമേൽ മനോഹരമായ നിരീക്ഷണം മറ്റാർക്കു എഴുതാനാവും.!
“വിഷാദം പൂക്കുന്ന വാക്കുകൾ “
എന്നാണ് ആ അനുസ്മരണ കുറിപ്പിന് ഇ.സന്തോഷ്കുമാർ ശീർഷകം നൽകിയത്.
മാർക്കേസിൻ്റെ മരണം അറിയിച്ച സുഹൃത്തിന് സന്തോഷ് കുമാർ അയച്ച കുറിപ്പ് ഇങ്ങനെയായിരുന്നു .
“ഭൂമിയിൽ ദൈവം ഉണ്ട് എന്നതിനുള്ള ഒരു തെളിവുകൂടി നഷ്ടമായി “
സന്തോഷ് കുമാറിൻ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ മാർക്കേസാണ് എന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നാം തിരിച്ചറിയും..
മാർക്കേസിൻ്റെ പ്രശസ്തമായ ഏകാന്തതയുടെ നൂറു വർഷങ്ങൾ, അദ്ദേഹത്തിൻ്റെ ആത്മകഥ
To Live to Tell A Tale നെപറ്റിയും വിശദമായ കുറിപ്പുകൾ ഈ പുസ്തകത്തിലുണ്ട്.മാർക്കേസിൻ്റെ ആത്മകഥയിലെ ഒരു ഭാഗവും വിവർത്തനം ചെയ്ത് ചേർത്തിട്ടുമുണ്ട്…
ഈ പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് മർക്കേസിൻ്റെ “Light Like Water” എന്ന കഥ മനോഹരമായി പരിഭാഷപ്പെടുത്തിയിട്ടുണ്ട് “വെളിച്ചം വെള്ളം പോലെ ” എന്ന പേരിൽ….
മാർക്കേസിൻ്റെ എഴുത്തിനെയും പ്രശസ്തിയേയും ആസ്പദമാക്കി അൽവാരോ സന്താനാ അക്യൂനിയാ രചിച്ച Ascent to Glory: How One Hundred Years of Solitude was written and became a Global Classic എന്ന പുസ്തകത്തെ കുറിച്ചുള്ള ലേഖനം മാർക്കേസിൻ്റെ രചനാ ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ്….
ഈ ലേഖനത്തിൽ ഏകാന്തതയുടെ രചനയെ പറ്റി കൗതുകകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്.. അപ്രശസ്തനായ മാർക്കേസ് കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കാൻ മെക്സിക്കോസിറ്റിയിൽ നിന്നും അക്കാപുൾക്ക എന്ന കടൽത്തീരത്തേക്കു പോവുകയായിരുന്നു .. 1965 ലെ വേനൽക്കാലമായിരുന്നു അത്. വഴിയിൽ വെച്ച് വാഹനത്തിന് മുന്നിൽ ഒരു പശു കുറുകെ ചാടി. പെടുന്നനെ താൻ രണ്ടു ദശകങ്ങളായി എഴുതാൻ പോകുന്ന ആ വലിയ നോവലിൻ്റെ ആദ്യത്തെ വാക്യം ഒരു വെളിപാടുപോലെ മാർക്കേസിൻ്റെ മനസ്സിലേക്കു വരികയായിരുന്നു.മാർക്കേസ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല.കാർ തിരികെയോടിച്ച് വീട്ടിലേക്കു തിരിച്ചു പോന്നു.പിന്നെ എഴുപത്തി അഞ്ച് ചതുരശ്ര അടിയുള്ള ഒരു മുറിയിൽ കതകടച്ചിരുന്ന് 18 മാസത്തോളം കൊണ്ട് ആ നോവൽ എഴുതി തീർക്കുകയായിരുന്നു. അതിനിടയിൽ മാർക്കേസ് ഏതാണ്ട് 30000 ത്തോളം സിഗരറ്റ് വലിച്ചു തീർത്തു.വീട്ടു ചെലവുകൾ നടത്താനായി ഭാര്യ വീട്ടു സാധനങ്ങൾ ഒന്നൊന്നായി പണയം വെച്ചു. സകലരോടും കടം പറഞ്ഞു. എഴുതിതീർന്ന നോവൽ അർജെൻ്റീനയിലുള്ള പ്രസാധകന് മുഴുവൻ ഭാഗവും അയച്ചുകൊടുക്കാൻ വകയില്ലാത്തതു കൊണ്ട് നോവൽ രണ്ടായി ഭാഗിക്കേണ്ടി വന്നു. പക്ഷേ അയച്ചതോ നോവലിൻ്റെ രണ്ടാം ഭാഗവും !! എന്നാൽ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന പേരിലിറങ്ങിയ നോവൽ ഒരു ഹിറ്റായി മാറുകയായിരുന്നു.മാർക്കേസിൻ്റെ മുൻപത്തെ പുസ്തകങ്ങൾ എല്ലാം എ ഴുനൂറു കോപ്പികളിൽ കൂടുതൽ വിറ്റു പോയിട്ടില്ലായിരുന്നു. പക്ഷേ ഈ നോവൽ ആദ്യ ആഴ്ചയിൽ തന്നെ അച്ചടിച്ച എണ്ണായിരം കോപ്പികൾ വിറ്റുതീർന്നു എന്നതാണ് വാസ്തവം. പിന്നെ പതിപ്പുകൾക്കു പിറകെ പതിപ്പുകൾ പ്രസിദ്ധീകരിക്കേണ്ടി വന്നു…
അര നൂറ്റാണ്ടിന്നുള്ളിൽ ഔദ്യോഗികമായിത്തന്നെ അഞ്ചു കോടി കോപ്പികൾ വിറ്റ ആ നോവൽ ഡോൺ ക്വിക്സോട്ടിനു ശേഷം സ്പാനിഷ് ഭാഷയിൽ നിന്നുണ്ടായ ഏറ്റവും പ്രചാരമുള്ള പുസ്തകമായി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ലോകത്തിലെ മിക്കവാറും എഴുത്തുകാർ ആ കൃതിയുടെ മോഹവലയത്തിൽപ്പെട്ടു പോയവരാണ്…
യഥാർത്ഥത്തിൽ വായനയിലൂടെ മാത്രമല്ല ലോകം ആ നോവലിനെ ആഘോഷിച്ചത്. 130 ഡോളർ വിലയിട്ട ജപ്പാനിലെ തദ്ദേശീയമായ ഒരു മദ്യത്തിൻ്റെ പേരു പോലും ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്നായിരുന്നു എന്നത് മറ്റൊരു കൗതുകമാണ്. എന്തിന് ഹോട്ടലിനും വീഡീയോ ഗെയിമിനും ഫിഫയുടെ ഫുട്ബോളിനും ആ നോവലിലെ ഭൂമികയായ മാക്കോണ്ടയുടെ പേര് ലഭിച്ചു. എന്തിനേറെ പറയുന്നു .. 91 പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു നക്ഷത്രത്തിന് മാക്കേണ്ട എന്ന് പേര് ചാർത്തിക്കൊടുത്തിരുന്നു. ആ നക്ഷത്രത്തിനെ ചുറ്റുന്ന ഗ്രഹത്തിന് നോവലിലെ ഊരുചുറ്റി കൊണ്ടിരിക്കുന്ന നാടോടിയായ മെൽക്വിയാദസിൻ്റെ പേരാണ് നൽകിയതെന്ന് അറിയുമ്പോൾ ആ നോവലിൻ്റെ വായനയുടെ …
സ്വീകാര്യതയുടെ…
ആഴം എത്ര വലുതാണ് എന്നു നാം അറിയുന്നു.


പ്രധാനമായും ഈ പുസ്തകത്തിൽ താൻ വായിച്ച ,ഇഷ്ടപ്പെട്ട നോവലുകളെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുകയാണ് സന്തോഷ് കുമാർ .. തൻ്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികളുടെ വായനാനുഭവങ്ങൾ അവതരിപ്പിക്കുകയാണ്..
അതിൽ ജാപ്പനീസ് എഴുത്തുകാരൻ യാസുനാരി കവാബാത്തയുണ്ട്. കവായാത്തയുടെ
ആയിരം കൊറ്റികൾ…
ഉറങ്ങുന്ന സുന്ദരികളുടെ ഭവനം…
ഹിമഭൂമി…
മാസ്റ്റർ ഓഫ് ഗോ…
മലയുടെ ശബ്ദം….
എന്നീ നോവലുകയുടെ വായനാനുഭവം പങ്കു വെക്കുന്നു.
ഈ പുസ്തകത്തിൽ ചെക്ക് നോവലിസ്റ്റ് മിലൻ കുന്ദേരയുടെ The Life is Else where” എന്ന നോവലിനെ മുൻനിർത്തി അദ്ദേഹത്തിൻ്റെ സാഹിത്യ സംഭവങ്ങളെ സസൂക്ഷ്മം പഠിക്കുന്നുണ്ട് സന്തോഷ്കുമാർ….
ചിലിയൻ എഴുത്തുകാരൻ റോബർത്തോ ബൊലാനോയുടെ കഥാസമാഹാരത്തെ പറ്റിയും എഴുതുന്നുണ്ട്…
റിൽക്കേയുടെ “യുവകവികൾക്കുള്ള കത്തുകൾ” എന്ന പുസ്തകത്തെ പറ്റിയും സന്തോഷ് എഴുതുന്നു..
മർക്കസ് സുസാക്കിൻ്റെ “ബുക്ക് തീഫ് “എന്ന നോവലിൻ്റെ കുറിപ്പ് മറ്റൊരു അനുഭവമാണ് നമുക്ക് നൽകുക.. യുദ്ധത്തിൻ്റെ ഭയാനകമായ അനുഭവമാണ് വായനക്കാരന് നൽകുക.
ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ജെ.എം.കുറ്റ്സിയുടെ
“ചൈൽഡ് ഹുഡ് ഓഫ് ജീസസ്”
സാന്ദോർ മറായിയുടെ
“കനലുകൾ (Embers) “
കാസുവോ ഇഷി ഗുറോയുടെ
“The Remalins of the Day
(കാലത്തിൻ്റെ അവശിഷ്ടം”…)
ഹാരുകി മുരകാമിയുടെ”കളർലെസ് സുകുരു സസാക്കി ആൻ്റ് ഹിസ് ഇയേഴ്സ് ഓഫ് പിൽഗ്രിമേജ്”
ചിമമാൻഡ ൻ ‘ഗോസി അഡീച്ചിയുടെ
“Half of a Yellow Sun “
ബൈലോ റഷ്യൻ നോവലിസ്റ്റ് സാഷാ ഫിലിപെൻകോയുടെ “റെഡ് ക്രോസസ്സ്” എന്ന നോവലിൻ്റെ വായന എന്നിവയും ഈ പുസ്തകത്തിലുണ്ട്.
എൻ. മൂസക്കുട്ടി യുടെ യൂലിസസ്സിൻ്റെ വിവർത്തനത്തെ പറ്റിയുള്ള വിശദമായ ഒരു കുറിപ്പ് ആ വിവർത്തകനോടുള്ള ആദരവു കൂടിയാണ്..
മലയാളത്തിലെ ഏറ്റവും നല്ല വായനക്കാരായ എഴുത്തുകാരിലൊരാണ് ഇ സന്തോഷ് കുമാർ എന്ന് എൻ.ശശിധരൻ മാഷ് സാക്ഷ്യപ്പെടുത്തിയത് ഞാൻ ഓർക്കുന്നു. ആ സാക്ഷ്യപ്പെടുത്തൽ പൂർണ്ണമായും ശരിയാണെന്ന് ഈ പുസ്തകം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ മികച്ച കൃതികളെ തേടിപ്പിടിച്ച് വായിക്കാൻ ശ്രമിക്കുന്ന ഒരാളാണ് സന്തോഷ് കുമാർ എന്ന് ഈ പുസ്തകം അടിവരയിട്ടു പറയുന്നുണ്ട്..ഓരോ പുസ്തകത്തിൻ്റെയും വായനാനുഭവം സന്തോഷ് വിവരിക്കുമ്പോൾ നാം ആ പുസ്തകം വായിച്ച അനുഭവത്തിലേക്ക് ഉയർത്തപ്പെടുന്നു. ആ കൃതികളുടെ വായനക്കായി നമ്മെ നിർബന്ധിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്നു.. ആ അർത്ഥത്തിൽ പുസ്തകങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്നിടുകയാണ് സന്തോഷ് ചെയ്യുന്നത്. പുസ്തകവായനയോളം മഹത്തരമായ മറ്റൊരു പ്രവർത്തിയില്ലെന്ന് ഒരിക്കൽക്കൂടി വായനക്കാരെ ഓർപ്പെടുത്തുകയാണ് സന്തോഷ് കുമാർ. അദ്ദേഹത്തിൻ്റെ വായനയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഈ പുസ്തകത്തിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നെനിക്കറിയാം.അദ്ദേഹം തൻ്റെ വായന വിരാമമില്ലാതെ തുടരട്ടെ.. സന്തോഷിൻ്റെ അടുത്ത പുസ്തക പരിചയപ്പെടുത്തലിനായി ഞാൻ കാത്തിരിക്കുകയാണ്..
നന്ദി പ്രിയ സന്തോഷ് കുമാർ ..
അഭിനന്ദനങ്ങൾ
.

മഷിയിൽ വരച്ച പൈൻ മരത്തിൻ്റെ ചിത്രം

( വായനകളുടെ പുസ്തകം)
ഇ.സന്തോഷ് കുമാർ
പ്രസാധനം:
ബുക്കർ മീഡിയ പബ്ലിക്കേഷൻസ്, തൃശ്ശൂർ
സതീശ് ഓവ്വാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments