തൃശൂർ:മണ്ണുത്തി ദേശീയപാതയിൽ ബസ് ഉടമയെ ആക്രമിച്ച് എഴുപത്തിയഞ്ചു ലക്ഷംരൂപ കവർന്ന കേസിൽ അങ്കമാലി കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘത്തെ പൊലീസ് തിരയുന്നു.സംഘത്തിലെ രണ്ടു യുവാക്കൾ കസ്റ്റഡിയിൽ. മുഖ്യസൂത്രധാരൻ ഒളിവിൽ.
കഴിഞ്ഞ തിങ്കളാഴ്‌ച വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു കവർച്ച. ബംഗ്ലുരുവിൽ നിന്ന് മണ്ണുത്തിയിൽ ബസിറങ്ങിയതായിരുന്നു അറ്റ്ലസ് ട്രാവൽസ് ഉടമ എടപ്പാൾ സ്വദേശി മുബാരക്. തൊട്ടടുത്തെ മരുന്നുകടയ്ക്കു മുമ്പിൽ പണമടങ്ങിയ ബാഗ് വച്ചു. മരുന്നു കട ഉടമയോട് ബാഗ് നോക്കാൻ പറഞ്ഞു. തൊട്ടടുത്ത ശുചിമുറിയിൽ പോയി. തിരിച്ചി വരുമ്പോഴാണ് ബാഗുമായി ഒരാൾ നടന്ന് പോകുന്നത് കാണുന്നത്. മരുന്നുകട ഉടമയും മുബാരകും തടയാൻ ശ്രമിച്ചപ്പോൾ സമീപത്തെ കാറിൽ നിന്ന് രണ്ടു പേർ കൂടി വന്ന് മർദ്ദിച്ചു. ഈ പണവുമായി കാറിൽ മുങ്ങിയത് കുഴൽപ്പണ കവർച്ച സംഘമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് അങ്കമാലിയിലെ ക്രിമിനൽസംഘത്തിന്റെ പങ്ക് വെളിച്ചത്തായത്. ഇവർ വന്ന കാർ കറുകുറ്റിയിൽ നിന്ന് കണ്ടെടുത്തു. അങ്കമാലി സ്വദേശികളായ ശ്യാമിനേയും നിയാസിനേയും പൊലീസ് ചോദ്യംചെയ്തു വരികയാണ്. ബസു വിറ്റുകിട്ടിയ പണമാണ് എഴുപത്തിയഞ്ചു ലക്ഷമെന്ന് മുബാരക് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ പണവുമായി ബസ് ഉടമ വരുന്ന വിവരം കവർച്ചാസംഘത്തിന് ഒറ്റിയ ആളേയും കണ്ടെത്തേണ്ടതുണ്ട്.


