കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാൻ കഴിഞ്ഞുവെന്ന് എസ്എഫ്ഐ.യുഡിഎസ്എഫ്, എംഎസ്എഫ്, കെഎസ്യൂ കോട്ടകൾ തകർത്താണ് എസ്എഫ്ഐ വെന്നിക്കൊടി പാറിച്ചതെന്ന് എസ്എഫ്ഐ പറഞ്ഞു.സർവകലാശാലക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 202 കോളേജുകളിൽ 127 കോളേജുകൾ വിജയിച്ചതായി എസ്എഫ്ഐ പറഞ്ഞു. സർവകലാശാലക്ക് കീഴിലുള്ള 35 കോളേജുകൾ യുഡിഎസ്എഫ്, എംഎസ്എഫ്, കെഎസ്യുവിൽ നിന്ന് തിരിച്ചുപിടിച്ചെന്ന് എസ്എഫ്ഐ പറഞ്ഞു.മതവർഗീയതയുടെയും പണക്കൊഴുപ്പിന്റെയും ലഹരി മാഫിയ സംഘങ്ങളുടെയും കൂട്ടുപിടിച്ച് ക്യാമ്പസുകളിൽ അരാഷ്ട്രീയ അരാജകത്വ പ്രവർത്തനങ്ങൾ നടത്തുന്ന വലതുപക്ഷ വർഗീയവാദികൾക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ പറഞ്ഞു.
തൃശൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 30 കോളേജുകളിലും വിജയിച്ചതായി എസ്എഫ്ഐ അവകാശപ്പെട്ടു.നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ 10 കോളേജുകൾ എതിരില്ലാതെ വിജയിക്കാൻ സാധിച്ചു. പെരുവല്ലൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, സെൻ്റ് ജോസഫ് കോളേജ് പാവറട്ടി, ഐസിഎ കോളേജ് തൊഴിയൂർ എന്നിവ യുഡിഎസ്എഫ് മുന്നണിയിൽ നിന്ന് തിരിച്ചു പിടിച്ചു. സർവ്വകലാശാല സബ് സെന്റർ ഡിഎസ് പ്രഥമ യൂണിയൻ എസ്എഫ്ഐ വിജയിച്ചു. സെന്റ് തോമസ് കോളേജിൽ കൗൺസിലർ സ്ഥാനാർത്ഥികൾ വിജയിച്ചതായും എസ്എഫ്ഐ പറഞ്ഞു.



