മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഇന്ന് ആരംഭിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജയോടെ ആരംഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കട്ടെ എന്ന് മോഹൻലാൽ പറഞ്ഞു. വീണ്ടും ജോർജ് കുട്ടിയിലേക്ക് എത്തുമ്പോൾ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അയാൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട എന്നായിരുന്നു തമാശരൂപേണ മോഹൻലാൽ മറുപടി നൽകിയത്.
‘ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിംഗ് ആരംഭിക്കണം എന്ന് മാത്രമല്ല ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകണമേ എന്നാണ് ഞാനും പ്രാർത്ഥിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും മനസിലേറ്റിയ പ്രേക്ഷകർ ഈ മൂന്നാം ഭാഗത്തെയും സ്വീകരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട. പ്രേക്ഷകർക്കുള്ള ഈ എക്സൈറ്റ്മെൻ്റ് ആണ് ദൃശ്യത്തിന്റെ വിജയം’, മോഹൻലാലിന്റെ വാക്കുകൾ. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ജീത്തു ജോസഫ് പറഞ്ഞു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജയോടെ ആരംഭിക്കുന്നത്.


