തൃശൂർ:അർധരാത്രി തൃശൂർ നഗര മധ്യത്തിൽ നടന്നതീവയ്പ് കേസിൽ പ്രതി പൊലീസ് പിടിയിലായി. വരന്തരപ്പിള്ളി കാട്ടൂക്കാരൻ വാറുണ്ണിയെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ നഗരത്തിലെ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ആഗസ്‌ത് 28നായിരുന്നു സംഭവം. തൃശൂർ സെന്റ് തോമസ് കോളേജിനടുത്തുള്ള ഫ്ലാറ്റിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ബൈക്കും പുലർച്ചെ ഒന്നോടെയാണ് പൂർണമായും കത്തിനശിച്ചത്. മണ്ണുത്തി സ്വദേശി ഡേവിഡിന്റെ ഓട്ടോ റിക്ഷയും അരിമ്പൂർ വീട്ടിൽ സെബിയുടെ സ്കൂട്ടറുമാണ് കത്തി നശിച്ചത്. അമിത മദ്യ ലഹരിയിലായിരുന്ന വാറുണ്ണി രണ്ട് വണ്ടികളും തീയിട്ട് നശിപ്പിക്കുകയായിരുന്നു. കേസിന് ദൃക്സാക്ഷികളുണ്ടായിരുന്നില്ല. 25 സിസിടിവികൾ പരിശോധിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തൃശൂർ ടൗൺ എസിപി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോ, എസ്ഐ ബിപിൻ ബി നായർ, സിപിഒമാരായ പി ഹരീഷ്‌കുമാർ, വി ബി ദീപക്, കെ ആർ സൂരജ്, എം എസ് അജ്‌മൽ എന്നിവരും ഉണ്ടായിരുന്നു.


