വരന്തരപ്പിള്ളി:പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം സ്കൂൾ വാഹനങ്ങൾ തടഞ്ഞു. പിള്ളത്തോട് പാലത്തിന് സമീപം ചൊവ്വാഴ്‌ച രാവിലെയാണ് കാട്ടാനക്കൂട്ടം റോഡിലിറങ്ങിയത്. കന്നാറ്റുപാടത്തെയും വേലൂപ്പാടത്തെയും സ്‌കൂളിലേക്കുള്ള കുട്ടികളെ കൊണ്ടുപോവുകയായിരുന്ന വാഹനങ്ങളാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടത്. രണ്ട് സംഘമായി 15 ഓളം ആനകളാണ് റോഡ് മുറിച്ചുകടന്നത്. ഈ സമയത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെനേരം മുന്നോട്ട് നീങ്ങാനാകാതെ നിൽക്കേണ്ടിവന്നു. ആറോളം ആനകൾ കഴിഞ്ഞയാഴ്‌ച മുതൽ മേഖലയിലുണ്ട്. തിങ്കളാഴ്‌ച മുതൽ പുതിയൊരു ആനക്കൂട്ടംകൂടി പ്രദേശത്ത് എത്തിയിട്ടുണ്ട്. പുഴകടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ തിരിച്ചുപോകാനാകാതെ ഏറെ നാളായി കാട്ടാനക്കൂട്ടം ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനകൾ നിരന്തരം റോഡിലിറങ്ങിയതോടെ പ്രദേശത്തെ തോട്ടം തൊഴിലാളികളും സ്‌കൂൾ കുട്ടികളും യാത്രക്കാരും ഭീതിയിലാണ്. കാട്ടിലേക്ക് തിരിച്ചയക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും എത്രയും വേഗം ട്രഞ്ച് എടുത്ത് മലയോര തോട്ടം മേഖലകളെ വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


