തേവലക്കര സ്‌കൂളില്‍ എട്ടാം വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
റിപ്പോർട്ട് സമർപ്പിച്ച ശേഷം ചേർന്ന ഉന്നതതല യോഗത്തിലാണ് കർശന നടപടിയെടുക്കാൻ തീരുമാനമായത്. മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കും. ഇതിനായി വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നോട്ടീസ് അയക്കും. നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും മൂന്നുദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെടും.
സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടിയുടെ കുടുംബത്തിന് വീടുവെച്ചു നല്‍കുമെന്നും തീരുമാനമായി. മിഥുന്റെ ഇളയകുട്ടിക്ക് 12ാം ക്ലാസുവരെ പരീക്ഷ ഫീസ് ഒഴിവാക്കുമെന്നും അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സ്‌കൂള്‍ പിടിഎ പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.


