ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു.

കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

ഓർമയായി രണ്ട് വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ജന പ്രവാഹമാണ്. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. ചില ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓർമ്മിപ്പിക്കുന്നത് അതാണ്. പുതുപ്പള്ളി ഉമ്മൻചാണ്ടിയെയും. ഉമ്മൻചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.
Oomanchandy/Udf/Indian National Congress


