സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്കാരം നടക്കുക. കുവൈത്തിൽ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്‌റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിൽ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.
സുജ നാളെ വെളുപ്പിന് കൊച്ചിയിലെത്തുമെന്ന് മിഥുൻ്റെ അച്ഛൻ മനു റിപ്പോർട്ടറിനോട് പ്രതികരിച്ചു. തുർക്കിയിൽ നിന്ന് ഇന്ന് തന്നെ കുവൈത്തിൽ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കിൽ മിഥുൻ്റെ സംസ്കാരം നാളെ നടക്കുമെന്നും മനു പറഞ്ഞു.
സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പ്രാഥമിക റിപ്പോർട്ടിൽ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.
Content Highlights: updates of the tragic death of a student in a Kollam school due to electric shock


