ചാലക്കുടി:കാട്ടാനക്കൂട്ടം പ്ലാൻ്റേഷൻ മേഖലയിൽ തമ്പടിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. പ്ലാൻ്റേഷൻ കോർപറേഷൻ വെറ്റിലപ്പാറ മേഖലയിലെ എണ്ണപ്പന ത്തോട്ടങ്ങളിലാണ് കാട്ടാനക്കൂട്ടം വിലസുന്നത്. മഴ ശക്തമായതോടെയാണ് ശല്യം രൂക്ഷമായത്. പകലും രാത്രിയിലും ആനക്കൂട്ടം മേഖലയിലുണ്ട്. തൊഴിലാളികളുടെ ലയങ്ങൾക്കരികെ ഇവ കൂട്ടമായെത്തുന്നത് പതിവായി മാറി. ഇതോടെ പകൽ സമയങ്ങളിൽപ്പോലും പുറത്തിറങ്ങാൻ ഭയക്കുകയാണ്. മഞ്ഞക്കൊമ്പൻ വീണ്ടും പ്ലാൻ്റേഷൻ മേഖലയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ഞക്കൊമ്പൻ വീണ്ടും പ്ലാൻ്റേഷൻ മേഖലയിലെത്തി. മനുഷ്യരേയോ വാഹനങ്ങളോ ആക്രമിക്കുന്ന സ്വഭാവമില്ലാത്ത മഞ്ഞക്കൊമ്പൻ കർഷകർക്ക് തലവേദനയാണ്. കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നതാണ് വിനോദം. മഞ്ഞക്കൊമ്പൻ വീണ്ടുമെത്തിയത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.