ദുൽഖർ സൽമാൻ നായകനാവുന്ന ‘ഐ ആം ഗെയിം’ എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്‌സ് ആണ്.
ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. അൻപറിവ് മാസ്റ്റേഴ്‌സ്, ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവഹിച്ചുകൊണ്ട് നഹാസ് കുറിച്ചത്, ‘ഒരു വമ്പൻ സിനിമാറ്റിക് മൊമെന്റോടെ ദിവസം പൂർത്തിയാക്കി’ എന്നാണ്.
ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നതോടെ സിനിമയിലെ പെപ്പെയുടെ ലുക്ക് വലിയ ശ്രദ്ധ നേടുന്നുണ്ട്.