അങ്കമാലി:വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് സങ്കടഹർജി നൽകി തുറവൂർ മാർ അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി പ്രസ്റ്റീന ബൈജു (13). മഞ്ഞപ്ര സ്വദേശി മേപ്പിള്ളിവീട്ടിൽ പ്രസ്റ്റീനയും അമ്മ ബിനുവും താമസിച്ചിരുന്ന വീടും സ്ഥലവും പൊലീസ് പിന്തുണയോടെ മഞ്ഞപ്ര സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്‌തി ചെയ്‌ത്, തങ്ങളെ വഴിയിലേക്കിറക്കിവിട്ടു എന്നാണ് പരാതി.
പാഠപുസ്‌തകങ്ങൾപോലും എടുക്കാൻ സമ്മതിക്കാതെയായിരുന്നു ഇറക്കിവിടൽ. അയൽവീട്ടിൽ അഭയംതേടിയ തനിക്ക് പഠിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന അച്ഛൻ ബൈജു അഞ്ചുവർഷംമുമ്പ് മരിച്ചു. മരിക്കുംമുമ്പ് ബൈജു മഞ്ഞപ്ര മുളരിപ്പാടത്ത് വാങ്ങിയ ഒമ്പതുസെന്റ് സ്ഥലത്താണ് മഞ്ഞപ്ര സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് വായ്‌പയെടുത്ത് വീട് പണിതത്. ബൈജുവിൻ്റെ മരണശേഷം കുടുംബത്തിന് വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെയായി. വീട്ടുജോലിക്ക് പോയാണ് ബിനു കുടുംബം പുലർത്തിയത്. സർഫാസി ആക്ട് പ്രകാരം സ്ഥലവും വീടും ബാങ്ക് കൈവശപ്പെടുത്തിയിരിക്കുകയാണ്.
വിദ്യാഭ്യാസമന്ത്രി പ്രശ്‌നത്തിൽ ഇടപെടുമെന്നാണ് പ്രസ്റ്റീനയുടെ പ്രതീക്ഷ.
സാവകാശം വായ്‌പ ഗഡുവായി അടയ്ക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡ ന്റ് വത്സലകുമാരി വേണു മുഖ്യമന്ത്രിക്കും നിവേദനം നൽകി.


