മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകൾ ആണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യാൻ എത്തി തുടങ്ങി.
സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.


