ടോക്യോയിലുടനീളം തന്‍റെ മകന്‍റെ ഫോട്ടോകൾ ഒട്ടിക്കാൻ 100 മില്യൺ യെൻ (ഏകദേശം 5.8 കോടി രൂപ) ചെലവഴിച്ച് വാർത്തകളിൽ ഇടം നേടി ജപ്പാനിലെ ഒരു പിതാവ്. യു കുൻ എന്ന് ഇപ്പോൾ നാട്ടുകാർ വിളിക്കുന്ന 16 കാരന്‍റെ കുട്ടിക്കാലത്തെ ‘ക്യൂട്ട്’ ആയ ചിത്രങ്ങളാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവ് കോടികൾ ചെലവഴിച്ച് സിറ്റി മൊത്തം പതിച്ചത്.
ഇപ്പോൾ ടോക്യോയിലെ അഡാച്ചിയിൽ ‘ലാൻഡ് മാർക്ക് കിഡ്’ എന്നാണ് ഈ കൗമാരക്കാരൻ അറിയപ്പെടുന്നത്. കാരണം നടപ്പാതകളിൽ സ്ഥാപിച്ച ബാനറുകൾ മുതൽ സിറ്റി ബസുകളിൽ വരെ തന്റെ മകന്റെ കുട്ടിത്തം നിറഞ്ഞ ചിത്രങ്ങൾ ഉള്ള പരസ്യം പതിച്ചിരിക്കുകയാണ് അച്ഛൻ.
“എന്‍റെ മകൻ ചെറുതായിരുന്നപ്പോൾ വളരെ ക്യൂട്ടായിരുന്നു. ടോക്യോയിലെ എല്ലാവരും അവന്‍റെ സൗന്ദര്യം ആസ്വദിക്കട്ടെയെന്ന് ഞാൻ കരുതി” – സംഭവത്തിൽ കൗമാരക്കാരന്‍റെ പിതാവിന്‍റെ രസകരമായ മറുപടിയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.