ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തോടടുത്തതായി കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം കേരളമാണ്. തൊട്ടുപിന്നിലായി മഹാരാഷ്ട്രയും ഡല്‍ഹിയുമുണ്ട്. നാല് ദിവസത്തിനിടെ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
മേയ് 30ന് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2710 ആണ്. 1147 കേസുകളാണ് കേരളത്തില്‍ നിന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര-424, ഡല്‍ഹി-294, ഗുജറാത്ത്-223, കർണാടക-148, തമിഴ്‌നാട്-148, പശ്ചിമ ബംഗാള്‍-116 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ രണ്ട്, ഡല്‍ഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങളുണ്ടായത്. ഇക്കൊല്ലം അഞ്ചുമാസത്തിനിടെ 22 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും പ്രായാധിക്യമുള്ളവരായിരുന്നുവെന്നും ഇവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
അതേസമയം, കേരളത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. ഗർഭിണികള്‍, പ്രായമായവർ, രോഗികള്‍ എന്നിവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.


