തൃശൂർ:ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയവരാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് റിപ്പോർട്ട്. ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്.
’10:43 ആ സമയത്ത് ഒരു പൊട്ടിത്തെറിയുണ്ടായി. ആ സമയത്ത് ഞാൻ അടുക്കളയിലായിരുന്നു. ഓടി പുറത്തുവരുമ്പോൾ മുന്നിലെ രണ്ടുവീട്ടുകാരും പുറത്തിറങ്ങി. ഈ പരിസരത്തെല്ലാം കേൾക്കുന്ന രീതിയിൽ വലിയ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് വളരെത്തിരക്കുള്ള ധാരാളം വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു വഴിയാണ്. കളക്ട്രേറ്റിന് അടുത്താണ്. അത്രയും തിരക്കുള്ള വഴിയായതിനാൽ പല ബൈക്കുകളും, കുറച്ച് മാറി കാറും എല്ലാം ഉണ്ടായിരുന്നെന്നാണ് അടുത്തുള്ള കുട്ടികളെല്ലാം പറഞ്ഞത്.’ ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് വന്ന് ചുറ്റുമുള്ള വീട്ടുകാരോട് മൊഴിയെടുത്തു. അതിനുശേഷം എന്നെയും കണ്ട് സംസാരിച്ചെന്നും ബിജെപി ഉപാധ്യക്ഷ പറഞ്ഞു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച വീട്ടിലുള്ളവർ, പൊതുപ്രവർത്തനമോ മറ്റോ ഉള്ള വീട്ടുകാരല്ല, ആസൂത്രിതമായി ചെയ്തതാണ്. വീട്ടിൽ എൻ്റെ കാറുണ്ടായിരുന്നില്ല. ആ വീട്ടിൽ വെള്ള കാറുണ്ടായിരുന്നു. വെള്ളക്കാറുള്ള വീടാണെന്നാകും പിന്നിലുള്ളവർ പറഞ്ഞുകൊടുത്തിട്ടുണ്ടാവുക. അങ്ങനെ മാറിയതാകാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.