മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. ഇതിനായി റോഷി അഗസ്റ്റിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി വെള്ളിയാഴ്ച ആണ് വത്തിക്കാനിലേക്ക് പുറപ്പെടുന്നത്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രാർഥനയോടെ വിട നൽകാൻ വിശ്വാസികൾ തയ്യാറെടുക്കുകയാണ്. നിലവിൽ ഭൗതികദേഹം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കും മാർപാപ്പയുടെ സംസ്കാരം നടക്കുക.
തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. ശവകൂടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തൻ്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്.