നടി അമലാപോളിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം താരം ഭർത്താവ് ജഗത് ദേശായിക്കൊപ്പം തമിഴ്നാട്ടിലെ പ്രശസ്തമായ തിരുവണ്ണാമലൈ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തിരുവണ്ണാമലൈയിൽ എത്തി പ്രാർത്ഥിക്കാറുണ്ട്.

ക്രിസ്ത്യൻ, ഹിന്ദു മത വിശ്വാസങ്ങൾ പിന്തുടരുന്ന നടിയാണ് അമല പോൾ. ഫ്രീ സൈസ് പൗഡർ ബ്ലു കുർത്തയും പൈജാമയും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്. ക്ഷേത്രം മുഴുവൻ ചുറ്റി നടന്ന് കണ്ട് പ്രാർത്ഥനകളും പൂജകളും കഴിപ്പിച്ചശേഷമാണ് നടിയും ഭർത്താവും മടങ്ങിയത്. ക്ഷേത്രം ദർശനം നടത്തിയ അമലയുടെ വീഡിയോ വൈറലായതോടെ താരം വീണ്ടും ഗർഭിണിയാണോയെന്ന സംശയമാണ് ആരാധകർക്ക്. കാരണം വീഡിയോയിൽ പലയിടങ്ങളിലും വയറിൽ അമല കെയർ ചെയ്ത് പിടിച്ച് നടക്കുന്നത് കാണാം. മാത്രമല്ല ഗർഭിണികളായ സ്ത്രീകൾ ധരിക്കുന്നത് പോലെ ഫ്രീ സൈസ് വസ്ത്രമാണ് നടി ധരിച്ചതെന്നതും ആരാധകരിൽ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണാമലൈ ക്ഷേത്രം. ഏകദേശം 10 ഹെക്ടറിലായാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന നിർമാണ ചാതുര്യമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ എന്ന നഗരത്തിൽ മലകൾ കാവൽ നിൽക്കുന്ന താഴ്വരയിലാണ് ക്ഷേത്രം. അണ്ണാമലൈ എന്നാൽ തമിഴിൽ അപ്രാപ്യമായ മല എന്നാണർഥം. പഞ്ചഭൂതങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയ ക്ഷേത്രത്തിൽ പ്രധാന ദേവനായ ശിവനെ അഗ്നിലിംഗം എന്ന പേരിലാണ് ആരാധിക്കുന്നത്.
അരുണാചലേശ്വർ, അണ്ണാമലൈയാർ എന്ന പേരിലും ശിവനെ ആരാധിച്ച് വരുന്നു. ശങ്കരനൊപ്പം തന്നെ ഉണ്ണാമലൈ അമ്മൻ എന്ന പേരിൽ പാർവതിയും ഇവിടെ പ്രതിഷ്ഠയായുണ്ട്. കിഴക്കോട്ട് ദർശനമരുളിയാണ് ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠ. നന്ദി, സൂര്യൻ എന്നിവരുമുണ്ട്. വലിയ രീതിയിലുള്ള ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
മൈന, വേലയില്ലാ പട്ടധാരി, ആടുജീവിതം, ആടൈ തുടങ്ങിയ സിനിമകളിലൂടെ മുൻനിര നായികയായി മാറിയ നടിയാണ് അമല പോൾ. മുപ്പത്തിമൂന്നുകാരിയായ താരം മകൻ പിറന്നശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അവസാനമായി അമലയുടേതായി റിലീസ് ചെയ്ത സിനിമകൾ ആടുജീവിതവും ലെവൽ ക്രോസുമാണ്. 2023ൽ ആയിരുന്നു അമലയുടെ വിവാഹം. വൈകാതെ കുഞ്ഞും പിറന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ താരം സജീവമാണ്.