തൃശ്ശൂർ: ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം അടക്കം നിരവധി പദ്ധതികളിലൂടെ ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം ചൂടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകളെ ആദരിക്കുന്നതിനും കലാമത്സരത്തില്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കുന്നതിനും മാര്‍ച്ച് 29 ന് സുവര്‍ണ്ണോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് 5 കോടി ചിലവഴിച്ച് മൂന്നുനിലകളിലായി 3189 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റെ 2062 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഒന്നാം ഘട്ടമായി നിര്‍മ്മിക്കുന്നത്.
ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് പി. ബാലചന്ദ്രന്‍ എംഎല്‍എ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അന്‍സാര്‍ നന്ദിയും പറഞ്ഞു.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ് പൂവത്തിങ്കല്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അജിതകുമാരി, ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ജെ.ബി നിഷ, എച്ച് എം ഫോറം കണ്‍വീനര്‍ സ്റ്റെയ്‌നി ചാക്കോ, ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ടി. ശ്രീജ, ഡിപിസിഎസ്എസ്‌കെ പ്രതിനിധി എന്‍.ജെ ബിനോയ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി. സുഭാഷ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ രമേഷ്, വിവിധ ഉപജില്ലാ എഇഒമാര്‍, വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.