27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങൾ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ മൂന്നാം മോദി സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡൽഹി നിയമസഭയിലും പൊട്ടിത്തെറികൾക്ക് വഴിവെച്ചു. ഡൽഹി നിയമതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യ തലസ്ഥാനം നിരവധി രാഷ്ട്രീയ നാടകങ്ങൾക്കാണ് വേദിയായത്. അരവിന്ദ് കെജ്രിവാളിന്റെ ജയിൽ പ്രവേശനം മുതൽ അതിഷിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് വരെ ചർച്ചയായി.
ഡൽഹി നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയുടെ വിജയത്തിനപ്പുറം വീണ്ടും ഒരു മോദി മാജിക് കൂടിയാണ് ചർച്ചയാകുന്നത്. മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പാണ് ഡൽഹിയിൽ കാണാൻ കഴിയുന്നത്. കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത്. എഎപിയുടെ ഭരണപരാജയങ്ങൾ തുറന്നുകാട്ടുക, ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണങ്ങൾ ഒഴിവാക്കുക, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ സ്വാധീനിക്കുക, പ്രധാന മണ്ഡലങ്ങളിൽ വിജയസാധ്യത വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബഹുമുഖമായതാണ് ബിജെപിയുടെ ഗെയിം പ്ലാൻ.
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെ എഎപിയുടെ പോരായ്മകൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള രണ്ട് ഘട്ട പ്രചാരണമാണ് ബിജെപിയുടെ തന്ത്രത്തിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന്. ഡൽഹിയിലുടനീളം പോസ്റ്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണനേട്ടങ്ങൾ എഎപി സർക്കാരിൻ്റെ ഭരണനേട്ടങ്ങളുമായി താരതമ്യം ചെയ്യുന്നതിലൂടെ, ഭരണത്തിലെ വ്യത്യാസങ്ങൾ ഊന്നിപ്പറയാനും ഡൽഹിയുടെ ഭാവിക്കായി സമഗ്രമായ ഒരു പദ്ധതി അവതരിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു.