തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ പുതുവർഷത്തലേന്നുണ്ടായ കൊലപാതകക്കേസിൽ പിടിയിലായ പതിനാലും പതിനാറും വയസ്സുള്ള കുട്ടികളുടെ പേരിൽ കൊലക്കുറ്റം ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും ബുധനാഴ്‌ച രാവിലെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് വിയ്യൂരിലെ ചിൽഡ്രൻസ് കറക്ഷൻ ഹോമിലേക്കു മാറ്റി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തേക്കിൻകാട് മൈതാനിയിൽ യുവാവ് കുത്തേറ്റു മരിച്ചത്.
തൃശ്ശൂർ പാലിയംറോഡ് ടോപ്പ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ലിവിൻ ഡേവിസ് (30) ആണ് കൊല്ലപ്പെട്ടത്. തേക്കിൻകാട് മൈതാനത്ത് പ്രതികൾ ലഹരിയുപയോഗിക്കുന്നത് ചോദ്യംചെയ്തതാണു കൊലപാതകത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി ലിവിന്റെ സുഹൃത്ത് കോട്ടയം സ്വദേശി അരുൺ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പതിനാലുകാരൻ ആക്രമിച്ചതെന്നും എഫ്.ഐ.ആറിലുണ്ട്.
ആക്രമണസ്ഥലത്തുനിന്ന് കണ്ടെടുത്ത കത്തി പതിനാലുകാരൻ്റേതുതന്നെയെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ലിവിനാണ് ആദ്യം കത്തിവീശിയതെന്നും സ്വയരക്ഷയ്ക്ക് കത്തിപിടിച്ചുവാങ്ങി തിരിച്ച് കുത്തിയതാണെന്നും കുട്ടികൾ മൊഴി നൽകിയിരുന്നു.
എന്നാൽ, ഈ വാദം പോലീസ് തള്ളി. പതിനാലുകാരൻ ഓൺലൈൻ വഴിയാണ് കത്തി വാങ്ങിയത്. വാട്ടർടാങ്കിനു സമീപത്തെ പടിയിലിരിക്കുന്നതുമായി ബന്ധപ്പെട്ട് ലിവിനുമായി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും കഴുത്തിൽ കുത്തുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവസമയത്ത് ലിവിൻ മദ്യലഹരിയിലായിരുന്നു. മടക്കുകത്തികൊണ്ട് കുത്തുന്നതിനിടെ കത്തി മടങ്ങി കുട്ടികളിലൊരാളുടെ കൈയിൽ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, പ്രതികളുടെ പക്കൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തിട്ടില്ല. വൈദ്യപരിശോധനയിലും ലഹരിസാന്നിധ്യമില്ല. ചില ലഹരിവസ്തുക്കൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനാകില്ലെന്നാണ് പോലീസ് വിശദീകരണം.
കൊല്ലപ്പെട്ട ലിവിൻ്റെ പേരിൽ പോക്സോ കേസടക്കം നാലു കേസുകളുണ്ട്. അടുത്തിടെ നഗരത്തിലെ പള്ളിപ്പെരുന്നാളിനിടെ ഇയാൾക്ക് കുത്തേറ്റിരുന്നു.
അമ്മ ശ്രമിച്ചു, പക്ഷേ…
സ്ഥിരം പ്രശ്നക്കാരായ കുട്ടികളുടെ പേരിൽ ലഹരിയുപയോഗത്തിനും ലഹരി വിൽപ്പനയ്ക്കും മണ്ണുത്തി, വിയ്യൂർ സ്റ്റേഷനുകളിൽ കേസുണ്ട്. സ്കൂളിൽ കത്തിവീശിയ സംഭവത്തിനു പിന്നാലെ പോലീസ് ഇരുവരുടെയും സാമൂഹികപശ്ചാത്തല റിപ്പോർട്ട് എടുത്തിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ഇവരുടെ പേരിൽ നടപടിയെടുത്തു. ടി.സി.നൽകിയില്ലെങ്കിലും സ്‌കൂളിൽ എത്തേണ്ടെന്നായിരുന്നു നിർദേശം.
കുട്ടിയുടെ പിതാവ് നേരത്തേ കൊല്ലപ്പെട്ടതാണ്. ഇതേത്തുടർന്നുള്ള സമ്മർദങ്ങളും കുട്ടി നേരിട്ടിരുന്നതായി പറയുന്നു. സ്കൂളിൽ പ്രശ്നമുണ്ടായതിനുപിന്നാലെ അമ്മ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം തേടിയിരുന്നു. ഇവരുടെ സഹായത്തോടെ കുട്ടിക്ക് തിരുവനന്തപുരത്ത് ചികിത്സ നൽകിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.
ചികിത്സയിൽ താത്പര്യം കാണിക്കാതെ ഇനി നന്നായിക്കോളാമെന്ന് അധികൃതർക്ക് ഉറപ്പുനൽകി ആഴ്ചകൾക്കുമുൻപേയാണ് കുട്ടി വീട്ടിലെത്തിയത്.



