തൃശൂർ: തൃശൂർ പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കിയ എസ് ഐയ്ക്ക് ക്ലീൻചിറ്റ് നൽകി അന്വേഷണ സംഘം. ചാവക്കാട് എസ്ഐ വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടുന്നത് എസ് ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്നാണ് എസ് ഐ താക്കീത് നൽകിയത്. സംഭവത്തിൽ നടപടി വേണമെന്ന സിപിഐഎമ്മിൻ്റെ ആവശ്യം പൊലീസ് നേതൃത്വം തള്ളി. അതേ സമയം, എസ്.ഐയെ സസ്പെൻഡ് ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പള്ളി അധികൃതർ അറിയിച്ചു.
പാലയൂര്‍ സെൻ്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലാണ് ക്രിസ്മസ് ആഘോഷം പൊലീസ് എത്തി മുടക്കിയത്. പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല. കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്നായിരുന്നു എസ് ഐ വിജിത്ത് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതികരണം. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്.
പള്ളി വളപ്പില്‍ കാരോള്‍ ഗാനം മൈക്കില്‍ പാടരുതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ചരിത്രത്തില്‍ ആദ്യമായാണ് പള്ളിയില്‍ കരോള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര്‍ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്ഐ സംസാരിക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്. ശേഷം സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴും, പൊലീസ് കരോളിന് അനുമതി നല്‍കിയില്ല.
