Thursday, March 20, 2025
HomeThrissur Newsതൃശൂർ:സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി
spot_img

തൃശൂർ:സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി

കൊടുങ്ങല്ലൂര്‍:ഒരു ദുരന്തമുണ്ടായാല്‍ ഏതുതരത്തില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ചയുമായി സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ അഴീക്കോട് വില്ലേജ് പരിധിയില്‍പ്പെടുന്ന അഴീക്കോട് മുനക്കല്‍ ബീച്ച് പരിസരത്ത് ദുരന്ത പ്രതിരോധ പരിശീലന പരിപാടി സുനാമി റെഡി പ്രോഗ്രാമാണ് ആദ്യം ആശങ്കയും പിന്നീട് കൗതുകവുമായത്. ഇന്‍കോയിസ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സുനാമി മോക് ഡ്രില്‍ പ്രോഗ്രാം ജില്ലാ ദുരന്തനിവാരണ വിഭാഗവും താലൂക്ക് ദുരന്ത നിവാരണ വിഭാഗവും ചേര്‍ന്ന് നടത്തി.

രാവിലെ 9.30 ന് ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് സുനാമി മുന്നറിയിപ്പ് മെസ്സേജ് ലഭിച്ചതോടുകൂടി മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ 10 ന് രണ്ടാമത്തെ സുനാമി വാണിംഗ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ നിന്ന് പഞ്ചായത്തിലേക്ക് സുനാമി മുന്നറിയിപ്പ് മെസ്സേജ് നല്‍കി പ്രദേശത്ത് അനൗണ്‍സ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റ് വന്നതോടെ ആളുകളെ കൂട്ടത്തോടെ കടലോരത്ത് നിന്നും ഒഴിപ്പിച്ചുതുടങ്ങി. എല്ലാ സന്നാഹങ്ങളുമായി പുറപ്പെട്ട വാഹനങ്ങള്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ ചെന്ന് മുന്നറിയിപ്പ് നല്‍കി അവരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന മോക്ക്ഡ്രില്ലില്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതും മാറ്റിപ്പാര്‍പ്പിക്കുന്നതും പ്രാഥമിക ചികിത്സ നല്‍കുന്നതും ഗുരുതരമായ അപകടം വന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം കൃത്യതയോടെ ദുരന്തനിവാരണ സേന അവതരിപ്പിച്ചു. ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു രക്ഷാദൗത്യം.

ജില്ലയില്‍ സുനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തില്‍ എങ്ങനെയെല്ലാമാണ് ആശയ വിനിമയം സാധ്യമാകുക എന്നതാണ് മോക്ഡ്രില്ലിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ 2004 ല്‍ നാശം വിതച്ച സുനാമിക്ക് 18 വര്‍ഷം തികയുന്ന വേളയില്‍ ദുരന്തമുഖങ്ങളെ മനം വിറക്കാതെ നേരിടാന്‍ തീരത്തെ സജ്ജമാക്കുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിച്ചത്. ദുരന്തത്തിന്റെ തീവ്രത എന്താണെന്നും ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ധൈര്യത്തോടെ എപ്രകാരം പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കിക്കൊടുക്കുകയാണ് മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്.

പോലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റല്‍ പോലീസ്, റവന്യൂ, ഫിഷറീസ്, ആരോഗ്യവകുപ്പ്, റെസ്‌ക്യൂ ടീം, സിവില്‍ ഡിഫന്‍സ്, ആപ്ത മിത്രാ വളണ്ടിയേഴ്‌സ്, കടലോര ജാഗ്രത സമിതി അംഗങ്ങളും ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ആയിരക്കണക്കിന് ആളുകള്‍ മോക്ഡ്രില്‍ വീക്ഷിക്കുന്നതിനായി മുനക്കല്‍ ബീച്ച് പരിസരത്ത് എത്തിയിരുന്നു.

അഴീക്കോട് മുനക്കല്‍ ബീച്ച് സമീപമുള്ള സുനാമി ഷെല്‍ട്ടറാണ് ക്യാമ്പായി സജ്ജീകരിച്ചത്. കൂടാതെ സമീപത്തുള്ള സബ് സെന്റര്‍ ആശുപത്രിയായും പ്രവര്‍ത്തിച്ചു. ക്യാമ്പായി പ്രവര്‍ത്തിച്ച സുനാമി ഷെല്‍ട്ടറില്‍ അഴീക്കോട് വില്ലേജ് ഓഫീസര്‍ പി.വി ബാലകൃഷ്ണന്‍, എസ്‌വിഒ നവനീത് എന്നിവര്‍ ക്യാമ്പ് സജ്ജീകരണങ്ങള്‍ നടത്തി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജന്‍, എറിയാട് പഞ്ചായത്ത് സെക്രട്ടറി സറീന, എറിയാട് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ശാന്തകുമാരി, കൊടുങ്ങല്ലൂര്‍ താലൂക്ക് തഹസില്‍ദാര്‍ കെ. രേവ, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments