ആമ്പല്ലൂർ:ദേശീയപാതയിൽ ആമ്പല്ലൂരിൽ അടിപ്പാത നിർമാണം ആരംഭിച്ചു. മണ്ണിന് ബലമില്ലെന്ന് കണ്ടെത്തിയതോടെ പാത നിർമാണം കുറച്ചു ദിവസങ്ങളായി നിർത്തി വച്ചിരിക്കുകയായിരുന്നു. പുതുതായി തയാറാക്കിയ രൂപരേഖകളിൽ പെട്ടി രൂപത്തിലുള്ള അടിപ്പാതയാണ് ദേശീയ പാത അതോറിറ്റി അംഗീകരിച്ചത്. നിർമാണച്ചുമതലയുളള സേലം ആസ്ഥാനമായ കരാർ കമ്പനിയാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്. നേരത്തേ തൂണുകൾക്കായി കുഴിച്ചിരുന്ന കുഴികൾ മൂടിയിരുന്നു. ഇവ വീണ്ടും തുറന്ന്, ആഴം കുറച്ച് പെട്ടിയുടെ രൂപത്തിലുള്ള അടിപ്പാതയുടെ അടിത്തറ കോൺക്രീറ്റിടൽ പൂർത്തിയാക്കി. 20 മീറ്റർ വീതിയും അഞ്ചര മീറ്റർ ഉയരവുമാണ് നിർദിഷ്ട അടിപ്പാതക്കുള്ളത്.
കൂറ്റൻ തൂണുകളിൽ വണ്ടികൾ പോകാവുന്ന അടിപ്പാതയായാണ് ആദ്യം പാത നിർമാണം ആരംഭിച്ചത്. എന്നാൽ 15 അടിയിലേറെ താഴ്ചയിൽ കുഴിയെടുത്ത ശേഷം മണ്ണിന്റെ ബലക്കുറവ് കണ്ടെത്തിയതോടെ കുഴികൾ മൂടുകയും അടിപ്പാതയുടെ പ്രധാന തൂണുകളുടെ പണി നിർത്തുകയുമായിരുന്നു. ഘടന, രൂപരേഖ എന്നിവയിൽ മാറ്റം വരുത്തുന്നത് കരാർ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും രൂപരേഖ അംഗീകരിക്കുക മാത്രമാണ് എൻഎച്ച്എഐയുടെ ചുമതലയെന്നും പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ പറഞ്ഞു.
പ്രാഥമിക തയ്യാറെടുപ്പുകൾ പോലുമില്ലാതെ അറിയിച്ചിരുന്നതിനേക്കാൾ നേരത്തേയാണ് ആമ്പല്ലൂരില്‍ അടിപ്പാതയുടെ പണി ആദ്യം തുടങ്ങിയത്. എന്നാൽ രണ്ടുമാസത്തോളമായിട്ടും പണിയിൽ പുരോഗതി ഉണ്ടായിരുന്നില്ല. സർവീസ് റോഡ് ഭാഗികമായി നന്നാക്കിയിട്ടും ഗതാഗതക്കുരുക്ക് വ്യാപകമായിട്ടുണ്ട്. സെപ്‌തം. 24നാണ് ആമ്പല്ലൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങിയത്. നീർത്തടങ്ങൾ ഏറെയുള്ള പ്രദേശത്ത് മണ്ണ് പരിശോധന നടത്താതെ തൂണുകൾ നിർമിക്കാൻ കുഴിയെടുത്തത് വിമർശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് കരാർ കമ്പനിയോട് അടിപ്പാതയുടെ പുതിയ രൂപരേഖ തയ്യാറാക്കാൻ നിർദേശിച്ചത്.
ദേശീയപാതയിൽ ആമ്പല്ലൂർ വഴി ദിവസേന 50,000 ത്തോളം വാഹനങ്ങള്‍ കടന്നുപോകുന്നുവെന്നാണ് കണക്ക്. ഈ ഭാഗത്താണ് നിർദിഷ്ട അടിപ്പാത വരുന്നത്. മണലിപ്പാലത്തിനു സമീപത്തു നിന്ന് ആരംഭിക്കുന്ന അടിപ്പാത ആമ്പല്ലൂർ സെന്റർ കടന്ന് ശ്രീലക്ഷ്മി തിയറ്ററിന് സമീപത്തായാണ് ദേശീയപാതയിൽ ചേരുന്നത്. 10 മാസമാണ് നിർമാണം പൂർത്തീകരിക്കാനുള്ള കാലാവധി.