വാഷിങ്ടണ്‍ ഡിസി: ഭാര്യയെ കാണാതായ കേസിൽ കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ വംശജനായ നരേഷ് ഭട്ടിനെതിരെ അമേരിക്കൻ പൊലീസ് കേസെടുത്തു. ഭാര്യയെ കാണാതായി ദിവസങ്ങള്‍ക്കുള്ളില്‍ പുനര്‍വിവാഹത്തെ കുറിച്ച് സെര്‍ച്ച് ചെയ്തതാണ് ഇന്ത്യന്‍ വംശജന് വിനയായത്. സെര്‍ച്ച് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിലാണ് നരേഷ് ഭട്ട് സംശയമുനയിലായിരിക്കുന്നത്.
ജൂലൈ 29നാണ് നരേഷിൻ്റെ ഭാര്യ മമത ഭട്ടിനെ കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മമതയെ കാണാതായതിന് പിന്നാലെ ഭട്ട് നടത്തിയ ചില ഓണ്‍ലൈന്‍ ഷോപ്പിങ്ങുകളും സെര്‍ച്ചുകളുമാണ് പൊലീസില്‍ സംശയമുണ്ടാക്കിയത്. വിര്‍ജീനിയയില്‍ പങ്കാളിയെ കാണാതായാല്‍ എന്ത് സംഭവിക്കും, പങ്കാളി മരണപ്പെട്ടാല്‍ കടങ്ങള്‍ എന്ത് ചെയ്യും, പങ്കാളി മരിച്ചാല്‍ പുനര്‍വിവാഹം എപ്പോള്‍ ചെയ്യാം തുടങ്ങിയ ഗൂഗിളിലെ സെര്‍ച്ചുകളാണ് പൊലീസ് ഭട്ടിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്.