കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി ഭര്‍ത്താവ് രാഹുലാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ട്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആംബുലൻസിൽ വെച്ചും രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചു പോകാൻ സൗകര്യം നൽകണമെന്നു യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
യുവതി പരാതി പിൻവലിച്ചതോടെ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുലിനോടൊപ്പമാണ് ജീവിക്കാൻ താത്‌പര്യമെന്നും പറഞ്ഞ് യുവതി നൽകിയ സത്യവാങ്മൂലത്തെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്. ‘തനിക്ക് രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹമെന്നും വീട്ടുകാർ ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കുകയായിരുന്നെന്നും’ യുവതി പറഞ്ഞു. ഇതിനു ശേഷമാണ് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകിയത്.
മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി ഗോപാലും (29) വിവാഹിതരായത്. വിവാഹത്തിനു ശേഷം യുവതി രാഹുലിന്റെ വീട്ടിൽ കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നതായാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കാണുകയും തുടർന്ന് അന്വേഷിച്ചപ്പോൾ പീഡനവിവരം യുവതി ബന്ധുക്കളോട് പറയുകയുമായിരുന്നു.
എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യുവതി രംഗത്തെത്തി. ബന്ധുക്കൾ സമ്മർദ്ദത്തിലാക്കിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്ന് യുവതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറഞ്ഞതെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു.