തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർക്ക് ദാരുണാന്ത്യം. തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. അഞ്ചു പേർ തൽക്ഷണം മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എംആർ ദിനേശൻ പറഞ്ഞു. ദേഹത്തൂടെ കയറിയിറങ്ങിയ ലോറി 250 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് നിന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോറിയിലുണ്ടാവുന്നവർ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡർ ഇടിച്ചുതകർത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്നലുകൾ ഇല്ലായിരുന്നു. ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നത്.