സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഇനി സ്വന്തമായി വീട്ടിൽ ഇരുന്ന് മൊബൈൽ ഫോണിലൂടെയും ചെയ്യാം. നാഷണൽ ഇൻഫോർമാറ്റിക്ക് സെൻ്റർ വികസിപ്പിച്ച ‘മേരാ ഇ-കെവൈസി’ ആപ്പിലൂടെ ഇത് സ്വയം ചെയ്യാം.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ‘ആധാർ ഫേയ്സ് ആർഡി’, ‘മേരാ ഇ-കെവൈസി’ എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്യുക.
പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക.
ആധാർ നമ്പർ എന്‍റർ ചെയ്യുക
ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.
‘മേരാ ഇ-കെവൈസി’ മുഖേന റേഷൻ മസ്റ്ററിങ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നവംബർ 30നുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എഎവൈ, പിഎച്ച്എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂർത്തിയാക്കുമെന്നും മന്ത്രി ജിആർ അനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ – കെവൈസി മസ്റ്ററിങ്ങ് ആണ് നിലവിൽ നടക്കുന്നത്.
മേരാ ഇ-കെവൈസി ആപ്പ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മസ്റ്ററിങ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തരമാണ് സൗജന്യമായി ലഭിക്കുക. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്നുണ്ടെങ്കിൽ ഇക്കാര്യം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.
Content Highlights: Kerala is set to become the first State in the country to conduct mustering of ration card holders through a mobile application