മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്ത്.
സി.പി. അശ്വിനിയുടെ വിജയത്തിന് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. അവളെത്തിച്ചേർന്ന നേട്ടത്തിന് അച്ഛൻ കണ്ട സ്വപ്നത്തിന്റെ പൂർണതയുണ്ട്. അച്ഛന്റെ സ്വപ്നം പൂർണമാക്കാൻ അമ്മയൊഴുക്കിയ വിയർപ്പിന് മകൾ കൊടുത്ത പ്രതിഫലമാണ് ഡോ. സി.പി. അശ്വിനി എന്ന മേൽവിലാസം.
തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ ചെന്നപ്പൊയിൽ വീട്ടിൽ പി.ശ്യാമള മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്താണ്.
അശ്വനിയുടെ അച്ഛൻ സി.പി.ചന്തുക്കുട്ടി 4 വർഷം മുൻപു മരിച്ചു. മകളെ ഡോക്ടറാക്കുകയെന്ന വലിയ ആഗ്രഹം പാതിയിൽ നിർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ പഠിച്ച അശ്വിനിയുടെ പരീക്ഷാഫലം കഴിഞ്ഞദിവസമെത്തിയപ്പോൾ നാടാകെ ആഹ്ലാദത്തിലായി.
കുടുംബത്തിലെ 4 പെൺമക്കളിൽ ഇളയവളാണ് അശ്വിനി. മൂത്ത സഹോദരിമാരായ രമ്യയും, ശ്യാമിലിയും വിവാഹിതരായി. നഴ്സിങ് പഠിച്ച സഹോദരി അശ്വതി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.
ചെണ്ടയാടുള്ള കണ്ണൂർ നവോദയ വിദ്യാലയത്തിൽ നിന്ന് പത്താംക്ലാസ് പാസായ അശ്വിനി മാലൂർ ഗവ.എച്ച്എസ്എസിലാണ് പ്ലസ്ടു പഠിച്ചത്. തുടർന്ന് എൻട്രൻസ് എഴുതി ആയുർവേദ മെഡിക്കൽ കോളജിൽ പ്രവേശനം നേടി. കുറിച്യ വിഭാഗത്തിൽ ഈ മേഖലയിൽ നിന്നുള്ള ആദ്യത്തെ ആയുർവേദ ഡോക്ടർ കൂടിയാണ് അശ്വിനി.
അഭിനന്ദനങ്ങൾ …