തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോന്നി തഹസില്‍ദാര്‍ കൂടിയായ മഞ്ജുഷ പറഞ്ഞു.
ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിന് മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്‍ക്വസ്റ്റും നടത്തി. അതില്‍ വീഴ്ചയുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. സ്റ്റാഫ് കൗണ്‍സില്‍ നടത്തുന്ന യോഗമായിരുന്നു. അങ്ങനെയൊരു വ്യക്തിയെ കളക്ടര്‍ അവിടെ കൊണ്ടുവന്നിരുത്തി സംസാരിക്കുകയോ ലോക്കല്‍ ചാനലിനെ കൊണ്ട് അവിടെ വന്ന് റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയോ ചെയ്തത് ശരിയായില്ല. കളക്ടര്‍ അതില്‍ ഇടപെടേണ്ടതായിരുന്നു. കളക്ടര്‍ ആയിരുന്നു യോഗത്തിലെ അധ്യക്ഷന്‍ – മഞ്ജുഷ വ്യക്തമാക്കി. ആ ഒരു വേദിയിലല്ല ഇക്കാര്യം സംസാരിക്കേണ്ടിയിരുന്നതെന്നും കളക്ടര്‍ക്ക് അതിനായി വേറൊരു വേദി ഒരുക്കാമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദിവ്യ അവിടെ വരുമെന്ന കാര്യം കളക്ടര്‍ക്ക് അറിയാമായിരുന്നോ എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ പറഞ്ഞു.