ജിദ്ദയിൽ പാലക്കാട് ജില്ല കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടക്കും. വൈകുന്നേരം 6:30 നു ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ആണ് പരിപാടി നടക്കുന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഹനാൻ ഷായും, ശിഖ പ്രഭാകരനും, ഇഹ്സാനും (ഈച്ചൂ )പങ്കെടുക്കുന്ന പരിപാടിയിൽ റിയാദ് ടാക്കീസ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും, ജിദ്ദയിലെ ഗുഡ് ഹോപ്, ഫിനോം എന്നീ അക്കാദമികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളപ്പിറവി ദിനമായത് കൊണ്ട് കേരളത്തിന്റെയും വിശിഷ്യാ പാലക്കാടിന്റെയും തനത് കലാ രൂപങ്ങളും ഉണ്ടായിരിക്കുന്നതാണ്. പാലക്കാട് ജില്ലയിൽ നിന്നുള്ള കലാകാരന്മാർ കന്യാർക്കളി, കൊയ്ത്തുപാട്ട്, പുള്ളുവൻപാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ പാലക്കാടൻ കലാ രൂപങ്ങൾ അവതരിപ്പിക്കും. കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഉൾപ്പെടെയുളള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
2023 സെപ്റ്റംബർ ഒന്നിനാണ് ജിദ്ദയിൽ പാലക്കാട് ജില്ലാ കൂട്ടായ്മ രൂപം കൊണ്ടത്. പ്രവാസികളായ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലക്കാട്ടുകാർ മാത്രമാണ് കൂട്ടായ്മയിലെ അംഗങ്ങൾ. പാലക്കാട് ജില്ലയിലുള്ള പാവപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനും, പ്രവാസികളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ജോലി ഇല്ലാത്തവർക്ക് ജോലി ശരിയാക്കി കൊടുക്കുക, ചികിത്സയിലിരിക്കുന്നവർക്ക് മരുന്ന് ആവശ്യമുണ്ടെങ്കിൽ എത്തിച്ചു കൊടുക്കുക, താമസ സൗകര്യമില്ലാത്തവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക, ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് നാട്ടിൽ പോകാണാവശ്യമായ സഹായങ്ങൾ ചെയ്യുക തുടങ്ങി വിവിധയിനം സഹായങ്ങൾ കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ഒരു സാംസ്‌കാരിക കൂട്ടായ്മയായിട്ടാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ട് നേരിട്ട അംഗങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കാനും, ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താനും, തൊഴിലിടങ്ങളിൽ നിയമപരമായ സഹായം നൽകാനും കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.