പുറപ്പെട്ടുപോയ പാട്ടുകൾ
-ശിവൻ സുധാലയം
രവിമേനോൻ എഴുതിയ പ്രിയേ നിനക്കൊരു ഗാനം എന്ന ലേഖനസമാഹാരം. പാട്ടൊരുക്കത്തിന്റെ പടവൊരുക്കം വിസ്‌തരിക്കുന്ന പതിനേഴു ലേഖനങ്ങൾ.
കേവലം സംഗീതവിദ്യാർത്ഥികൾക്ക് മാത്രമല്ല സാമാന്യ വായനക്കാർക്ക് ആകെയും മുതൽക്കൂട്ടാണ് വിജ്ഞാനപ്രദമായ ഈ കൃതിയിൽ അദ്ദേഹം പറഞ്ഞു വെക്കുന്ന കാര്യങ്ങൾ.
ജയരാജ് എന്ന സംവിധായകന്റെ കോഴിക്കോടൻ ഓർമ്മ പങ്കിട്ടാണ് നീലരാവിന്റെ സൗരഭ്യമുള്ള പാട്ടെന്ന അദ്ധ്യായം തുടങ്ങുന്നത്.
“നീലരാവിലിന്നു നിന്റെ താരഹാരമിളകി..” എന്ന ഗാനത്തിന്റെ ഒരുക്കമായിരുന്നു അത്.പിന്നെയത് റോജയിലെ ചിന്ന ചിന്ന ആശൈ, ശ്യാമരാജിയിൽ രാവിന്റെ..തുടങ്ങി ജയരാജിലൂടെ നിളയും നിലാവും ലൊക്കേഷനുകളും പ്രതിപാദിച്ചു കൊണ്ട് ഏറെ കൗതുകകരവും രസകരവുമായ മട്ടിലാണ് രവിമേനോൻ പാട്ടിന്റെ പിറവിക്കഥ അനുവാചകരിലേക്ക് പകർന്നു തരുന്നത്.
ചന്ദ്രകാന്തം എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ച “സ്വർഗ്ഗമെന്ന കാനനത്തിൽ.. “, അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ “അഴലിന്റെ ആഴങ്ങളിൽ..” എന്നിവയുടെ ചരിത്രം ഔസേപ്പച്ചൻ, നിഖിൽ, പ്രേംപ്രകാശ് എന്നിവരെ ചേർത്തു വെച്ച് ഒട്ടും മുഷിപ്പു തോന്നാതെ കുറിച്ചിടുന്നു അഴലിന്റെ ആഴങ്ങളിൽ നിന്നൊരു പാട്ട് എന്ന ഭാഗത്തിൽ.
വെളിച്ചം കാണാതെ പോയ എം ടി ഹരിഹരൻ ടീമിന്റെ എവിടെയോ ഒരു ശത്രു എന്ന ചിത്രത്തിലെ “പൊന്നില്ലാതെ പൂവില്ലാതെ…” എന്നൊരു പാട്ടിനെ പ്രതിപാദിക്കുന്ന എഴുത്ത് ഹൃദ്യമായ അനുഭവം തന്നെയാവുന്നത് വേണു നാഗവള്ളി, സുകുമാരൻ എന്നിവരുടെ അതിലെ പ്രകടനം കൂടി ഓർത്തു പറയുമ്പോഴാണ്.
ദേവരാജൻ സംഗീതം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ..” എന്ന ഗാനത്തെ കുറിച്ച് പറയുന്ന അദ്ധ്യായം നോക്കൂ.. പാട്ട് പെരുത്തിഷ്ടം ; പക്ഷേ മനോജ് അതെങ്ങനെ പാടും? എന്നു ചോദിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ജിജ്ഞാസ പടർത്തി എഴുതിയ ഈ കുറിപ്പിൽ മനോജ് കെ ജയനെ നമ്മൾ ഹൃദയം കൊണ്ട് അറിയുന്നു.
ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ഒരുക്കിയ “ആരോ കമഴ്ത്തിവെച്ചോരോട്ടുരുളിപോലെ..“യുടെ ജനനം ഒത്തിരി ആകർഷണീയത വായനക്ക് തരുന്നുണ്ട് ആകാശത്തെ ആ ആവണിത്തിങ്കൾ എന്ന കുറിപ്പിൽ.
ഔസേപ്പച്ചന്റെ ഒരുപാട് പ്രിയമാർന്ന ഒന്നാണ് “തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം..” എന്ന പ്രിയേ നിനക്കൊരു ഗാനം എന്ന ശീർഷക ലേഖനം പറയുന്നത്. അസ്സലായി തോന്നി ഇതിൽ പറഞ്ഞ ഇരുളും പൊരുളും.
ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ, സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ, ജയിക്കാനായ് ജനിച്ചവൻ, വികാരനൗകയുമായ്, മോഹവീണ തൻ തന്തിയിൽ, താഴമ്പൂമണമുള്ള പാട്ടുകൾ എന്നിങ്ങനെ ഓരോ അദ്ധ്യായവും വായനയെ ഒരു അതിശയം പോലെ സംഗീതലോകത്തേക്ക് ചേർത്തിരുത്തുമ്പോൾ രവിമേനോൻ എന്ന പത്രാധിപശിരസ്സ് സംഗീതത്തിന്റെ വിസ്മയാനുഭൂതി കൂടിയായി നമ്മിൽ തെളിച്ചപ്പെടുന്നു എന്ന പരമാർത്ഥം പറയാതെ പോവുക വയ്യ.
കയ്യിലെടുത്ത ഒരു ഗ്രന്ഥം വായന പൂർത്തിയാകാതെ ഇറക്കിവെക്കാൻ തോന്നാത്ത വിധം ആഹാര്യമാണ് ഇതിലെ ചേരുവ.
മറുത്തു പറയാൻ തോന്നാത്ത രൂപകല്പന, അനൂപ് ചാലിശ്ശേരിയുടെ കവർ ഡിസൈൻ, മികവുറ്റ അച്ചടി…
ബുക്കർ മീഡിയ ചെയ്ത വർക്കുകളിൽ തിളങ്ങി നിൽക്കുന്ന ഒരു ബുക്കായിരിക്കും പ്രിയേ നിനക്കൊരു ഗാനം എന്ന് സംശയലേശം കൂടാതെ ഞാൻ പറഞ്ഞു വെക്കട്ടെ.
ആശംസകൾ രവിമേനോൻ…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ബുക്കർ മീഡിയ.