സജിത്ത് ശ്യാം
” വിഷു കഴിഞ്ഞാൽ മഴ.
കൊന്നപ്പൂക്കളുടെ പീതോദ്യാനം
വേനൽ വാഴ്ചയുടെ അന്ത്യക്ഷേത്രം.
ഞാൻ പറയട്ടെ –
ഏകാന്തനേത്രങ്ങളെ പൊതിയുന്ന മഞ്ഞപ്പൂക്കൾ,
ഗോതമ്പു വയലുകള സ്നേഹാർദ്രമാക്കുന്ന
അപരിചിത സംഗീതം,
നമ്മെ മരണത്തിനുമപ്പുറത്തേക്കെത്തിക്കുന്ന
ദൈവത്തിൻ്റെ തോണി
ഞാൻ പറയുന്നത് നിനക്കു മനസ്സിലാവില്ല.
( നൊസ്റ്റാൾജിയ ഷെൽവി )
ഒരു തവണയല്ല ഒരുപാടു തവണ എന്നിട്ടും ആ കവിതവായനയുടെ ലഹരി ശമിച്ചില്ല.
പിന്നെയും പിന്നെയും ഞാനാവരികളങ്ങനെ വായിച്ചു കൊണ്ടിരുന്നു.
” വിഷു കഴിഞ്ഞാൽ മഴ.
കൊന്നപ്പൂക്കളുടെ പീതോദ്യാനം
വേനൽ വാഴ്ചയുടെ അന്ത്യക്ഷേത്രം.
ഞാൻ പറയട്ടെ –
ഏകാന്തനേത്രങ്ങളെ പൊതിയുന്ന മഞ്ഞപ്പൂക്കൾ,
ഗോതമ്പു വയലുകള സ്നേഹാർദ്രമാക്കുന്ന
അപരിചിത സംഗീതം,
നമ്മെ മരണത്തിനുമപ്പുറത്തേക്കെത്തിക്കുന്ന
ദൈവത്തിൻ്റെ തോണി
ഞാൻ പറയുന്നത് നിനക്കു മനസ്സിലാവില്ല.
( നൊസ്റ്റാൾജിയ ഷെൽവി )
ഒരെഴുത്തുമില്ലാതെ വരണ്ടുപോയ ദിവസങ്ങളിലൊന്നിൽ കൈവന്നതാണ് ഈ കൊച്ചു കവിതാസമാഹാരം.
ഇപ്പോൾ വർഷം പതിനഞ്ചുകഴിഞ്ഞു ഷെൽവിയെന്ന പ്രിയ കവിയെ ഞാനിങ്ങനെ ചേർത്തുപിടിക്കാൻ തുടങ്ങിയിട്ട്.
ചങ്ങമ്പുഴകവിത വായനയിൽ വർണ്ണനയുടെ വസന്തമാണെന്നിരിക്കെ. ഇത്തിരി വേറിട്ടൊരു വായനാനുഭവം എനിക്കെപ്പോഴും ഷെൽവിയുടെ കവിതയിൽ നിന്ന് ലഭിക്കുന്നു. അങ്ങനെ അതെനിക്ക് ഒരേസമയം ലഹരിയും ആത്മാനുഭൂതിയും ആത്മശാന്തിയും പകർന്നുനൽകുന്നു.
“എല്ലാം പഴയ കഥകളാണ്
ജന്മങ്ങളുടെ ഒരാവർത്തന പുസ്തകം
നീ നോക്കിനിൽകുന്ന ആ ആൽമരച്ചുവട്
എൻ്റെ വീടായിരുന്നു.
വിരഹങ്ങൾക്കും അനാസക്തമായ കാത്തിരിപ്പുകൾക്കുമിടയിൽ
തണുത്തു കിടന്നപ്ലേറ്റ് ഫോം ബെഞ്ച്
എൻ്റെ വീടായിരുന്നു,
ഇതാ, ചൂളമടി കേട്ടില്ലേ.. ഒരു തീവണ്ടി നമ്മെ വിടുന്നു
അതിൻ്റെ പ്രകാശ ജാലകങ്ങൾ എൻ്റെ വീട്ടിലേതായിരിന്നു.
സമയാതീത മണലുകളുടെ അനന്തശയ്യയിൽ
നിന്നോടൊപ്പം നിത്യനിദ്ര.
( ഷെൽവി )
നൊന്തുപോയതിൽ പിറവി കൊണ്ടവാക്കുകൾ
കവികളങ്ങനെയാണ്. നിറയെ തപിക്കും, അലയാൻ കൊതിക്കും, അരുതാത്ത കാര്യകൾ ചിന്തിച്ചു കൂട്ടി കൂട്ടി കഴുത്തിൽ ഊരാകുടുക്കിടാൻ ആശയുണ്ടാകും. ശേ.. പിന്നെയാകാം ഇത്തിരി കാര്യങ്ങൾ കൂടിയെഴുതി തീർക്കാനുണ്ട്. വിണ്ടും വാക്കും വരിയുമങ്ങനെ വഴിനടത്തുന്നു. തെക്കും വടക്കും, കിഴക്കും പടിഞ്ഞാറുമില്ലാതെ..
പാതിരയും, പകലുമില്ലാത്ത ഉറക്കം തൂങ്ങുന്ന ലഹരിക്കണ്ണോടെ..
ഞാനങ്ങനെ അലഞ്ഞു നടന്നത് എത്രയെത്ര ഇടങ്ങളിലാണ്. നഗരങ്ങൾ, ഗ്രാമങ്ങൾ, ക്ഷേത്രങ്ങൾ, ദൂരെ യാത്രകളായ് അങ്ങനെയങ്ങനെ. പിന്നെയെങ്ങനോ ഒരേകാന്തതയിൽ ചിന്തകത്തിയെഴുതിയത്. ഓരോ കവിതയെന്നാരോ പറഞ്ഞു.
വീണ്ടുമൊരു പാതിരയിൽ ഷെൽവിവിളിച്ചു പതിയെചിരിച്ചു കൊണ്ട് എന്നിട്ട് ചോദിച്ചു.
“നൊസ്റ്റാൾജിയ വായിച്ചു കഴിഞ്ഞുവോ
ഏയ് ഇല്ല കഴിഞ്ഞിട്ടില്ല ഇനിയും വായിക്കണം ഞാനത് വീണ്ടും വായിച്ചു.
“പ്രേതങ്ങൾ മഞ്ഞ പുഞ്ചിരി ചാർത്തി
നിലാവിൻ വഴികൾ താണ്ടിയിങ്ങെത്തുന്നു.
പ്രാണനിൽ പച്ചകുത്തുന്നു പേക്കിനാക്കൾ
രാത്രി തന്നെ രാത്രി രാത്രി..
പാപത്തിൻവടുക്കൾ വീണു വികൃതമായൊരെൻ
മുഖം കണ്ടു മടുത്തീ-മുഖക്കണ്ണാടി പോലും മുഖം തിരിയ്ക്കുന്നു,
വെറുക്കുന്നു സർവ്വരും.
മണിക്കൂറുകളീച്ചകളായി വീണു ചാവുമീ
വിഷക്കോപ്പയിൽ
മുഖനിഴൽ നോക്കി കുനിഞ്ഞിരിയ്ക്കുന്നു ഞാൻ.
എവിടെ ഞാൻ?
പുഴയോരത്തെവിടെയോ പുലരി മഞ്ഞിൽ
വിറയ്ക്കുന്ന പുൽക്കൊടി പോലെ ഞാനും, പുൽക്കൊടിത്തുമ്പിലിറ്റു വീഴാൻ കാത്തു നിൽക്കും
മഞ്ഞിൻ കണികയായ് നീയും.
( ഷെൽവി നൊസ്റ്റാൾജിയ)
ഈ രാത്രി പുലർന്നിരിക്കുന്നു മുറ്റത്തെ കിഴക്കെമരക്കൊമ്പിലിരുന്ന് കിളികൾ ശബ്ദമുണ്ടാക്കുന്നു. ഇടവഴിയിലൂടെ ആരോ മെതിയടി ശബ്ദത്തോടെ നടന്നുപോകുന്നു.
ഹൃദയം ശൂന്യമായ ഇടവഴിനെഞ്ചിലൂടെ സൈക്കിൾ പോകുമ്പോൾ കട കടയെന്നൊരാ കലമ്പലുമുണ്ടാകുന്നുണ്ട്..
ഈ രാവിതാ പുലർന്നിരിന്നു.
നൊസ്റ്റാൾജിയ മടക്കിവെയ്ക്കും മുമ്പ് ആ ഒരു കവിതകൂടി വായിച്ചിടുന്നു.കാരണം ആ വരികൾ എൻ്റെ കൂടി ജീവിതവരികളാകുന്ന പോൽ.
” ഒരു വാക്കു പോലും ഉരിയാടാതെ
മറുപടിയില്ലാത്ത
മൗനത്തിലാണ്ടു പോകുന്നു..
ഈ ഇല കൊഴിയും കാലത്തെ
സ്നേഹബന്ധങ്ങളൊക്കെയും.!!
പ്രിയ കവിയ്ക്ക് ഓർമ്മപ്പൂക്കൾ🌹🌹
✍️ സജിത്ത് ശ്യാം