തൃശൂർ:ദുരന്തമുഖത്ത് നാട് ഒന്നിച്ചുനിന്ന് നടത്തുന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിൻ്റെ നേർസാക്ഷ്യമായി ചാലക്കുടി തീ നിയന്ത്രിക്കാനാകാതെ ഗോഡൗൺ കത്തിയപ്പോൾ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ നാട്ടുകാരുടെ ഇടപെടലിലൂടെ സാധിച്ചു. നിരവധി കടകളുള്ള നഗര ഹൃദയത്തിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിനോട് ചേർന്നുള്ള കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെക്‌സിൻ, ഫർണിച്ചർ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും തീ പടർന്നാൽ സ്ഥിതി കൈവിട്ട് പോകുമായിരുന്നു. സമീപത്ത് ഗ്യാസ് ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. തീ ഇവിടേക്ക് എത്തിയാൽ വലിയ സ്ഫോടനം സംഭവിക്കും. അഗ്നി രക്ഷാസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് സഹായവുമായി നാട് ഒന്നിച്ച് രംഗത്തിറങ്ങി നഗരത്തിലെ സിഐടിയു ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ ജീവൻ പണയംവച്ചാണ് തീ ആളിപ്പടർന്ന ഗോഡൗണിൽനിന്ന് പെയിൻ്റ് ടിന്നുകൾ നീക്കം ചെയ്‌തത്. ഇത് നിർണായകമായി. ചൂടും അപകടവും വകവയ്ക്കാതെ ലോഡുകണക്കിന് പെയിൻ്റ ടിന്നുകളാണ് തലയിലും തോളിലുമായി ഗോഡൗണിന് പുറത്തെത്തിച്ചത്. തൊട്ടടുത്തുള്ള സ്‌കൂട്ടർ ഗോഡൗണിൽ നിന്ന് സ്‌കൂട്ടറുകളും മാറ്റി തീ ആളിപ്പടരുന്നത് നിയന്ത്രിക്കാൻ ഇത് സഹായകമായി ഗ്യാസ് ഗോഡൗൺ വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരെല്ലാം ചേർന്ന് സിലിണ്ടറുകളെല്ലാം അതിവേഗം മാറ്റി. തീ പടരാൻ സാധ്യതയുള്ള സമീപ പ്രദേശങ്ങളിലെ ഫ്ലക്‌സുകളും ബോർഡുകളുമടക്കമുള്ളവ നീക്കി. കുടുതൽ ഇടം അഗ്നിക്കിരയാകുമായിരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാനായതും തി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും നാട്ടുകാരുടെ പരിശ്രമം സഹായകമായി.