തളിക്കുളം:ശനിയാഴ്ച ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 13 പേരിൽ പതിനാറുകാരനെ പൊലീസ് മർദിച്ചതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചത് സംഘർഷാവസ്‌ഥ സൃഷ്ടിച്ചു. ശനിയാഴ്‌ച നടന്ന ഉത്രം വിളക്ക് ഉത്സവത്തിൽ രാത്രി കാവടിയാട്ടത്തിനിടയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. പിന്നീട് ശാന്തമായെങ്കിലും ഇതിനെച്ചൊല്ലി ഇരു വിഭാഗങ്ങൾ അടിപിടിയിലെത്തിയിരുന്നു. അക്രമം നടത്തിയ യുവാവിനെയും വടി പിടിച്ച് നിന്നിരുന്ന പതിനാറുകാരനടക്കം മൂന്ന് വിദ്യാർഥികളെയും പൊലീസ് പിടികൂടിയിരുന്നു.
മൂന്നുപേരും നിരപരാധികളാണെന്നും ഇവരെ വിട്ടയയ്ക്കണമെന്നും വീട്ടുകാരും ബന്ധുക്കളും പൊലീസിനോട് ആവശ്യപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം പതിനാറുകാരനെ പൊലീസ് വിട്ടയച്ചു. പൊലീസുകാർ ക്രൂരമായി മർദിച്ചതായി പതിനാറുകാരൻ രക്ഷിതാക്കളോടും മറ്റുള്ളവരോടും പറഞ്ഞു. തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഘർഷം തടയാനാണ് ശ്രമിച്ചതെന്നും ആരെയും മർദിച്ചിട്ടില്ലെന്നും പരാതി വ്യാജമാണെന്നും എസ്എച്ച്ഒ ബി.എസ്. ബിനു പറഞ്ഞു.



