തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടത്തും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.
മതാചാര പ്രകാരമായിരിക്കും ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നടത്തുക. അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഗോപന്‍ സ്വാമിയുടെ മരണത്തിൻ്റെ സ്വഭാവം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. നിലവിലെ പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.