കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ ആണ് അഞ്ചരക്കണ്ടി മായമാങ്കണ്ടി രസ്‌ന (30)-ന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.
ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് രസ്‌നയുടെ ഭർത്താവ് കെ.ഷജിലും സഹോദരൻ ടി.വി.ശ്രീജിത്തും പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്പോൾത്തന്നെ രസ്‌ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചതായും ഷജിൽ പറഞ്ഞു.
